Your Image Description Your Image Description

 

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ ടൗണിലെ ആഭരണ നിർമാണ ഷോപ്പിൽ വൻ മോഷണം. ചെറുവണ്ണൂർ പിലാറത്ത്താഴെ വിനോദിന്റെ പവിത്രം എന്ന പേരിലുള്ള സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ വൻ മോഷണം നടന്നത്. 31 പവൻ വരുന്ന സ്വർണവും അഞ്ച് കിലോഗ്രാം വെള്ളിയും ജ്വല്ലറിയിൽ നിന്ന് നഷ്ടമായി. സ്ഥാപനത്തിന്റെ പിറകുവശത്തെ ചുമര് തുറന്നാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്.

പുതുതായി പണിതതും നന്നാക്കാൻ ഏൽപ്പിച്ചതുമായ ആഭരണങ്ങൾ ഉൾപ്പെടെയാണ് മോഷ്ടിക്കപ്പെട്ടത്. കടയിലുണ്ടായിരുന്ന പഴയ വെള്ളി ആഭരണങ്ങൾ ഇവിടെ തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. ബന്ധുവിന്റെ മരണത്തെ തുടർന്ന് വൈകീട്ട് 5.30ഓടെ വിനോദ് കട അടച്ചിരുന്നു. രാവിലെ സമീപത്തെ കടയുടമ പിറകുവശത്തെ മെയിൻ സ്വിച്ച് ഓണാക്കാനായി ചെന്നപ്പോഴാണ് ചുമർ തുറന്നത് ശ്രദ്ധയിൽപ്പെട്ടത്.

വിവരം അറിഞ്ഞെത്തിയ വിനോദ് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് കടയിലെ സേഫ് തകർന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ മേപ്പയ്യൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പേരാമ്പ്ര ഡിവൈ.എസ്.പി കെ.എം ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *