Your Image Description Your Image Description

 

 

ഹരാരെ: ഇന്ത്യ-സിംബാബ്‍വെ ട്വൻറി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഹരാരെയിൽ വൈകിട്ട് നാലരയ്ക്കാണ് കളി തുടങ്ങുക. ആദ്യ മത്സരത്തിലെ ദയനീയ തോൽവിയിൽ നിന്ന് കരകയറാനാണ് ഇന്ത്യൻ യുവനിര ഇന്നിറങ്ങുന്നത്. ട്വൻറി 20 ലോകകപ്പ് കിരീടത്തിന് ശേഷം അടുത്ത തലമുറ താരങ്ങളുമായി ഇറങ്ങിയ ഇന്ത്യൻ ടീം ആദ്യ കളിയിൽ ദുർബലരായ സിംബാബ്‌വെയോട് പരാജയപ്പെട്ടതിൽ വിമർശനം ശക്തമാണ്. അതിനാൽ പ്ലേയിംഗ് ഇലവനിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഇന്നല നടന്ന ആദ്യ ടി20യിൽ സിംബാബ്‍വെ 13 റൺസിന് ടീം ഇന്ത്യയെ തോൽപിച്ചിരുന്നു. ആതിഥേയരുടെ 115 റൺസ് പിന്തുടർന്ന ഇന്ത്യ 19.5 ഓവറിൽ 102 റൺസിന് പുറത്തായി. അരങ്ങേറ്റക്കാരായ അഭിഷേക് ശർമ്മ പൂജ്യത്തിനും റിയാൻ പരാഗ് രണ്ട് റൺസിനും പുറത്തായി. റുതുരാജ് ഗെയ്‌ക്‌വാദ് (7), റിങ്കു സിംഗ് (0), ധ്രുവ് ജുറൽ (6) എന്നിവരും രണ്ടക്കം കണ്ടില്ല. 31 റൺസെടുത്ത ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാൻ ഗില്ലിനും 27 റൺസെടുത്ത ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനും 16 റൺസെടുത്ത വാലറ്റക്കാരൻ ആവേഷ് ഖാനും മാത്രമേ അൽപമെങ്കിലും ചെറുത്ത് നിൽക്കാനായുള്ളൂ. മൂന്ന് വിക്കറ്റ് വീതം നേടിയ സിംബാബ്‍വെ ക്യാപ്റ്റൻ സിക്കന്ദർ റാസയും ടെണ്ടായ് ചറ്റേരയുമാണ് ഇന്ത്യക്ക് കെണിയൊരുക്കിയത്. പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്.

ഇന്ത്യൻ സ്‌ക്വാഡ്: ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, റുതുരാജ് ഗെയ്‌ക്‌വാദ്, റിയാൻ പരാഗ്, റിങ്കു സിംഗ്, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്‌ടൺ സുന്ദർ, രവി ബിഷ്‌ണോയി, ആവേഷ് ഖാൻ, മുകേഷ് കുമാർ, ഖലീൽ അഹമ്മദ്, തുഷാർ ദേശ്‌പാണ്ഡെ, സായ് സുദർശൻ, ഹർഷിത് റാണ, ജിതേഷ് ശർമ്മ.

Leave a Reply

Your email address will not be published. Required fields are marked *