Your Image Description Your Image Description

 

കോഴിക്കോട്: തിരുവമ്പാടി കെഎസ്ഇബി ഓഫീസിലെ സാധന സാമഗ്രികളോ കമ്പ്യൂട്ടറോ തകർത്തിട്ടില്ലെന്ന് കേസിലെ പ്രതിയായ അജ്മൽ. കെഎസ്ഇബി ഉദ്യോഗസ്ഥർ തന്നെയും സഹോദരനെയും ആക്രമിക്കുക ആയിരുന്നെന്നും കമ്പ്യൂട്ടറും ഫർണിച്ചറും തകർത്തത് ഉദ്യോഗസ്ഥരാണെന്നും അജ്മൽ പറയുന്നു. താൻ കെഎസ്ഇബി ഓഫീസിലേക്ക് കയറിപ്പോകുന്നത് മുതൽ ഇറങ്ങി വരുന്നതു വരെയുള്ള ദൃശ്യങ്ങൾ തന്റെ ഫോണിലുണ്ട്. ഈ ഫോൺ കെഎസ്ഇബി ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങിയെന്നും അജ്മൽ പറയുന്നു. കോടതി റിമാൻഡ് ചെയ്യുന്നതിന് മുൻപ് അജ്മൽ അയച്ച ഓഡിയോ സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അതേസമയം വീട്ടിലുണ്ടായിരുന്ന പഴയ കറി കൊണ്ടുവന്ന് ഉദ്യോഗസ്ഥൻറെ മേൽ ഒഴിച്ചെന്ന് അജ്മൽ സമ്മതിച്ചു.

തിരുവമ്പാടി കെഎസ്ഇബി ഓഫിസിലെ സാധന സാമഗ്രികൾ യുവാക്കൾ അടിച്ചു തകർത്തു എന്ന പരാതി ഉയർന്നത് ഇന്നലെയാണ്. പിന്നീട് ഈ കുടുംബത്തിന്റെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. വൈദ്യുതി വിച്ഛേദിച്ചതിനെതിരെ ഇന്നും സമരം തുടരുമെന്ന് വീട്ടുടമസ്ഥ‍ർ പറഞ്ഞു. പ്രതിഷേധം കണക്കിലെടുത്ത് കെഎസ്ഇബി ഓഫീസിന് പൊലീസ് കാവൽ ഏർപ്പെടുത്തി.

വൈദ്യുതി ബില്ല് അടക്കാൻ മനഃപൂർവ്വം വൈകിയതല്ലെന്ന് അജ്മലിൻറെ പിതാവ് റസാഖ് പറഞ്ഞു. ബില്ല് അടക്കാൻ മറ്റൊരാളെ ഏല്പിച്ചിരുന്നു, അവർ അടക്കാൻ വൈകിയതാകാം. നിത്യ രോഗികൾ ഉൾപ്പെടെയുള്ള വീട്ടുകാർക്ക് വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ വലിയ പ്രയാസങ്ങൾ ഉണ്ടായെന്നും കെഎസ്ഇബിക്ക് എതിരായ പ്രതിഷേധം തുടരുമെന്നും കുടുംബം പറഞ്ഞു. ഇന്നലെ മെഴുകുതിരി കത്തിച്ചുള്ള സമരത്തിനിടെ റസാഖ് കുഴഞ്ഞുവീണു. ആശുപത്രിയിൽ നിന്നും നേരെ കെഎസ്ഇബി ഓഫിസിൽ എത്തി സമരം തുടരുമെന്ന് റസാഖും ഭാര്യ മറിയവും പറഞ്ഞു. കെഎസ്ഇബി അധികൃതരുടെ നടപടിക്കെതിരെ ഇന്ന് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്‌ നേതൃത്വവും അറിയിച്ചു.

വീട്ടുകാർ വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് ഈ വ്യാഴാഴ്ച അജ്മലിൻറെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഓൺലൈനായി ബില്ലടച്ച അജ്‌മൽ ഉടൻ വൈദ്യുതി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇന്നലെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ഉദ്യോഗസ്ഥർ എത്തിയത്. ജീവനക്കാർ വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് അജ്‌മലും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടായി. സംഭവത്തിൽ ജീവനക്കാർ പൊലീസിൽ പരാതിയും നൽകിയിരുന്നു.
പൊലീസ് കേസെടുത്തതിൽ പ്രകോപിതനായ അജ്മൽ ഇന്നലെ രാവിലെ സഹോദരനൊപ്പം കെഎസ്ഇബി ഓഫീസിലെത്തി. ഓഫീസിലെ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും തകർത്തെന്നാണ് പരാതി. ജീവനക്കാരുടെ ദേഹത്ത് ഭക്ഷണ സാധനങ്ങൾ അഴുകിയ മാലിന്യവും ഒഴിച്ചു. ആക്രമണത്തിൽ മൂന്ന് ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായെന്നാണ് ബോർഡിന്റെ റിപ്പോർട്ട്.

പിന്നാലെയാണ് കെഎസ്ഇബി ചെയർമാൻ വീട്ടിലെ വൈദ്യുതി ബന്ധം വീണ്ടും വിച്ഛേദിക്കാൻ ഉത്തരവിട്ടത്. അജ്മലിൻറെ പിതാവ് റസാഖിന്റെ പേരിലുള്ളതാണ് വൈദ്യുതി കണക്ഷൻ. അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്. നഷ്ടം നികത്തിയ ശേഷം വൈദ്യുത ബന്ധം പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് ബോർഡിന്റെ നിലപാട്. ജീവനക്കാരുടെ പരാതിയിൽ അജ്മലിനും സഹോദരൻ ഫഹ്ദാനും എതിരെ കേസ് എടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവാണ് അജ്മൽ.

 

Leave a Reply

Your email address will not be published. Required fields are marked *