Your Image Description Your Image Description

തിരുവനന്തപുരം: ഇനി സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ആണ് സജീവമാകുക. അതിന്റെ പടി പടിയായുളള ചർച്ചകൾ പുരോഗമിക്കുകയാണ് തട്ടകങ്ങളിൽ. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഏകദേശം അന്തിമ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. സര്‍വേ ഫലം അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. സര്‍വേ നടത്തിയ സ്വകാര്യ ഏജന്‍സി ഉടന്‍ തന്നെ ഫലം കെപിസിസിക്ക് കൈമാറും.

ഓരോ മണ്ഡലത്തിലും അഞ്ച് പേരുകളാണ് സാധ്യത പട്ടികയിലുള്ളത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, വി ടി ബല്‍റാം, വി പി സരിന്‍, സുമേഷ് അച്യുതന്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ചേലക്കരയില്‍ രമ്യ ഹരിദാസ്, കെ എ തുളസി, വി പി സജീന്ദ്രന്‍, എന്‍ കെ സുധീര്‍, കെ ബി ശശികുമാര്‍ എന്നിവരുടെ പേരുകളാണ് സാധ്യത പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. കെ എ തുളസി, കെ ബി ശശികുമാര്‍ എന്നിവര്‍ നേരത്തെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിട്ടുണ്ട്.

വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാവും സ്ഥാനാര്‍ത്ഥി നിര്‍ണയം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവും. പാലക്കാടും ചേലക്കരയിലും കെപിസിസി ഭാരവാഹികള്‍ക്ക് തിരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയിരുന്നു. ചേലക്കരയില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി എം നിയാസ് എന്നിവര്‍ക്കാണ് ചുമതല. പാലക്കാട് കോണ്‍ഗ്രസ് കെപിസിസി ജനറല്‍ സെക്രട്ടറി മുത്തലിബ്, സെക്രട്ടറി ബാബുരാജ് എന്നിവര്‍ക്കും ചുമതല നല്‍കി.

അതേസമയം പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് ആർക്കെന്നതിൽ തർക്കം. ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തിനൊപ്പം കെ സുരേന്ദ്രനായും മറ്റൊരു വിഭാഗം ശബ്ദം ഉയർത്തുന്നുണ്ട്.

കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ അഭിപ്രായ സർവ്വേയിൽ ശോഭ സുരേന്ദ്രനാണ് മുൻതൂക്കം. 34 പേരുടെ പിന്തുണ ശോഭാ സുരേന്ദ്രന് ലഭിച്ചപ്പോൾ കെ സുരേന്ദ്രനെ പാലക്കാട് സ്ഥാനാർത്ഥിയാക്കണമെന്ന് 22 അംഗങ്ങളാണ് ആവശ്യപ്പെട്ടത്. സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗവും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ അഭിപ്രായ സർവ്വേ യോഗത്തിൽ നിന്ന് ശോഭാ സുരേന്ദ്രൻ അനുകൂലികളെ മാറ്റിനിർത്താൻ നീക്കം നടന്നതായി ആരോപണം ഉയരുന്നുമുണ്ട്. യോ​ഗത്തിൽ നടത്തിയ അഭിപ്രായ സർവ്വേയുടെ വിവരങ്ങൾ സംസ്ഥാന-ദേശീയ നേതാക്കൾക്ക് കൈമാറും. ഉപതിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കാൻ ദേശീയ നേതൃത്വമാണ് അഭിപ്രായ സർവേ നടത്താൻ കുമ്മനം രാജശേഖരന് ചുമതല നൽകിയത്.

പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് ജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവിൽ വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട് നിയമസഭാ മണ്ഡലത്തിലുമാണ് കേരളത്തിൽ ഉപതിരഞ്ഞടുപ്പ് നടക്കാനുള്ളത്.

രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇവിടെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്കാ ​ഗാന്ധിയാണ് മത്സരിക്കുകയെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇരു മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *