Your Image Description Your Image Description

 

മ്യൂനിച്ച്: ഫ്രാൻസ് യൂറോ കപ്പ് സെമി ഫൈനലിൽ. പെനാൽറ്റി ഷൂട്ടൗട്ടിൽ പോർച്ചുഗലിനെ മറികടന്നാണ് ഫ്രാൻസ് സെമിയിൽ കടക്കുന്നത്. നിശ്ചിത സമയവും അധിക സമയും ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചപ്പോഴാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇരു ടീമുകൾക്കും ഒട്ടനവധി അവസരങ്ങളാണ് വന്നുചേർന്നത്. എന്നാൽ ഒന്നുപോലും ഗോൾവര കടത്താൻ ഇരു ടീമിനുമായില്ല. പന്തടക്കത്തിൽ പോർച്ചുഗലായിരുന്നു മുന്നിലെങ്കിലും കൂടുതൽ ഷോട്ടുകളുതിർത്തത് ഫ്രാൻസായിരുന്നു. ഫിനിഷർമാരുടെ പോരായ്മാണ് ഇരു ടീമുകളേയും ഗോളിൽ നിന്നകറ്റിയത്. സെമിയിൽ ഫ്രാൻസ്, സ്‌പെയ്‌നിനെ നേരിടും.

പെനാൽറ്റിയിലേക്ക് കടന്നപ്പോൾ ഫ്രാൻസിന്റെ ആത്മവിശ്വാസം ഗോൾ കീപ്പർ ഡിയേഗോ കോസ്റ്റയുടെ ഫോമായിരുന്നു. ഫ്രാൻസാണ് ആദ്യ കിക്കെടുത്തത്. ഉസ്മാൻ ഡംബേല അനായാസം ലക്ഷ്യം കണ്ടു. പോർച്ചുഗലിന് വേണ്ടി ആദ്യ കിക്കെടുത്ത ക്രിസ്റ്റിയാനോയ്ക്കും പിഴച്ചില്ല. ഫ്രാൻസിന്റെ രണ്ടാം കിക്കെടുത്ത യൂസഫ് ഫൊഫാനയും ലക്ഷ്യം കണ്ടു. പോർച്ചുഗീസ് താരം ബെർണാണ്ടോ സിൽവയും പ്രതീക്ഷ കാത്തു. സ്‌കോർ 2-2. ഫ്രാൻസിനായി മൂന്നാം കിക്കെടുത്തത് ജൂൾസ് കൂണ്ടെ. സ്‌കോർ 3-2.

എന്നാൽ പിന്നാലെയെത്തിയ ജാവോ ഫെലിക്‌സിന് പിഴച്ചു. ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. ഫ്രഞ്ച് താരം ബ്രാഡ്‌ലി ബാർകോളയുടെ കിക്കും തടയാൻ കോസ്റ്റയ്ക്കായില്ല. സ്‌കോർ 4-2. പോർച്ചുഗലിനായി നൂനോ മെൻഡസും ലക്ഷ്യം കണ്ടു. സ്‌കോർ 4-3. ഫ്രാൻസിന്റെ അവസാന കിക്ക് തിയാഗോ ഹെർണാണ്ടസിന്റെ വക. കിക്ക് ലക്ഷ്യത്തിലെത്തിച്ചതോടെ ഫ്രാൻസ് വിജയം ആഘോഷിച്ചു.

നേരത്തെ, ക്രിസ്റ്റ്യാനോയുടെ മറ്റൊരു മോശം പ്രകടനം കൂടി കണ്ട മത്സരം കൂടിയായിരുന്നു ഇത്. ഫിനിഷ് ചെയ്യാൻ തുറന്ന അവസരം ലഭിച്ചിട്ടും പോർച്ചുഗീസ് താരത്തിന് മുതലാക്കാനായില്ല. മറുവശത്ത് കിലിയൻ എംബാപ്പെയും നിറം മങ്ങി. ഡെംബേല കളത്തിലിറങ്ങിയപ്പോൾ മാത്രമാണ് ഫ്രാൻസിന്റെ മുന്നേറ്റങ്ങൾ മൂർച്ച കൂടിയത്. എങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ക്രിസ്റ്റിയാനോയുടേയും പ്രതിരോധതാരം പെപെയുടേയും അവസാന യൂറോ കപ്പ് കൂടിയായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *