Your Image Description Your Image Description

കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ ഭീമന്‍മാരായ മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് അടുത്തിടെ ‘മെറ്റ എഐ’ അവതരിപ്പിച്ചിരുന്നു. ഇന്ത്യയടക്കം തെരഞ്ഞെടുത്ത രാജ്യങ്ങളിലാണ് മെറ്റ എഐ ചാറ്റ്‌ബോട്‌സ് വാട്‌സ്ആപ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ പുതിയ എഐ ഫീച്ചര്‍ വാട്‌സ്‌ആപ്പില്‍ മെറ്റ പരീക്ഷിച്ചുവരികയാണ്. ഇമാജിന്‍ മീ എന്നാണ് ഇതിന്‍റെ പേര്.

യഥാര്‍ഥ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യക്തിഗതമായ സ്റ്റിക്കറുകളും എഐ അവതാറുകളും തയ്യാറാക്കാം എന്നതാണ് ഇമാജിന്‍ മീയുടെ സവിശേഷതകള്‍. പുത്തന്‍ ഫീച്ചറിന്‍റെ സ്‌ക്രീന്‍ഷോട്ട് വാബെറ്റിന്‍റെ പുറത്തുവിട്ടു. ഈ ഫീച്ചര്‍ ഉപയോഗിക്കാനായി ചിത്രങ്ങള്‍ മാത്രം അപ്‌ലോഡ് ചെയ്താല്‍ മതിയാകും എന്നാണ് സൂചന. ഈ ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ച്ചറുകള്‍ ആക്കി ഉപയോഗിക്കാനും കഴിഞ്ഞേക്കും. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ് 2.24.14.13 ബീറ്റ വേര്‍ഷനിലാവും ഇത് ലഭ്യമാവുക. ഇമാജിന്‍ മീ ഫീച്ചര്‍ ഓപ്ഷനലായിരിക്കുമെന്നും ഇത് ഉപയോഗിക്കണമെങ്കില്‍ യൂസര്‍മാര്‍ സെറ്റിങ്‌സില്‍ കയറി അനുമതി നല്‍കണമെന്നും സൂചനയുണ്ട്.

മെറ്റ എഐ നിലവില്‍ വാട്‌സ്ആപ്പിന് പുറമെ ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയിലും ലഭ്യമാണ്. കൂടാതെ meta.ai എന്ന യുആർഎൽ വഴി എഐ ചാറ്റ്‌ബോട്ട് നേരിട്ട് ഉപയോഗിക്കുകയും ചെയ്യാം. ഓരോ പ്ലാറ്റ്‌ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്ഫോംസിന്‍റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. തുടക്കത്തിൽ ഇംഗ്ലീഷ് ഭാഷയിലാണ് മെറ്റ എഐ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാകുക. മെറ്റ എഐ വന്നതോടെ വാട്‌സ്ആപ്പില്‍ എന്തെങ്കിലും ചെയ്യുന്നതിനായി ആപ്പില്‍ ചാറ്റ്‌ബോട്ടിന് നിർദേശം നല്‍കിയാൽ മതിയാകും. ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എഐ അസിസ്റ്റന്‍റുമായി സംസാരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *