Your Image Description Your Image Description

തിരുവനന്തപുരം : ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സപ്ലിമെന്ററി പ്രവേശനത്തിനു നാളെ വൈകിട്ട് 5 വരെ അപേക്ഷിക്കാം. ഈ വർഷം പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന അവസരമാണിത്. സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളുടെ വിവരം ഏകജാലക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

സേ പരീക്ഷ ജയിച്ചവരടക്കം മുഖ്യഘട്ടത്തിൽ അപേക്ഷിക്കാത്തവരാണു പുതിയതായി അപേക്ഷിക്കേണ്ടത്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷയിലെ പിഴവുകൾ മൂലം അലോട്മെന്റും പ്രവേശനവും നിഷേധിക്കപ്പെട്ടവർക്കും അപേക്ഷ പുതുക്കിയും തിരുത്തിയും നൽകാൻ അവസരമുണ്ട്. സീറ്റ് ഒഴിവുള്ള സ്കൂളും കോംബിനേഷനും മാത്രമേ സപ്ലിമെന്ററി ഘട്ടത്തിൽ ഓപ്ഷനായി തിരഞ്ഞെടുക്കാനാകൂ. സ്പോർട്സ് ക്വോട്ട, എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട എന്നിവയിൽ ഒഴിവുവന്ന സീറ്റുകളും മെറിറ്റ് ക്വോട്ടയിലേക്കു മാറ്റിയാണു സപ്ലിമെന്ററി പ്രവേശനം.

നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയവർക്കും അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർക്കും മെറിറ്റ് ക്വോട്ടയിലെ പ്രവേശനം റദ്ദാക്കിയവർക്കും ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അപേക്ഷിക്കാൻ അവസരമില്ല. പട്ടികക്ഷേമവകുപ്പിനു കീഴിലുള്ള 12 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും നാളെ വരെ അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *