Your Image Description Your Image Description

താനൂർ: രോഗിയായ ലോട്ടറി വിൽപ്പനക്കാരനോട് കൊടുംക്രൂരത ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയെടുത്തു. കേരള സർക്കാർ നിർമൽ ലോട്ടറി ടിക്കറ്റിന്റെ തീയതി തിരുത്തി 5000 രൂപയാണ് കൃത്രിമം കാണിച്ച് തട്ടിയെടുത്തത് . താനൂർ മൂലക്കൽ സ്വദേശി വടക്കുമ്പാട്ട് ദാസനെയാണ് ബൈക്കിലെത്തിയ ആൾ കബളിപ്പിച്ച് പണം തട്ടിയെടുത്തത് .

താനൂർ ക്ഷേത്രത്തിനു മുൻപിലായിരുന്നു സംഭവം നടന്നത് . ബൈക്കിലെത്തിയ ആൾ ഒരു ടിക്കറ്റ് കാണിച്ച് ദാസനോട് ഫലം പരിശോധിക്കാൻ പറഞ്ഞു. പരിശോധിച്ചപ്പോൾ 5000 രൂപസമ്മാനമുള്ളതായി കണ്ടു. കൈയിൽ അത്രയും തുക തരാനില്ലെന്നു ദാസൻ പറഞ്ഞു.

അപ്പോൾ 40 രൂപയുടെ 41 ടിക്കറ്റ് ഇയാൾ വാങ്ങി. ബാക്കി തുക തന്നാൽമതി എന്നു പറഞ്ഞു. ടിക്കറ്റിന്റെ 1640 രൂപ കഴിച്ച് 3300 രൂപ ദാസൻ നൽകി. 2000 രൂപ സമീപത്തെ കടയിൽനിന്ന് കടമായി വാങ്ങിയാണു നൽകിയത്. ബാക്കി 60 രൂപ വേണ്ടെന്നും പറഞ്ഞു. ദാസൻ ടിക്കറ്റുമായി താനൂരിലെ ഏജൻസിയിൽ എത്തിയപ്പോൾ ആണ് ടിക്കറ്റിൽ തീയതി തിരുത്തിയതായി മനസിലായത് . ഉടൻ തന്നെ ദാസൻ താനൂർ പോലീസിൽ പരാതി നൽകി.

ദാസൻ 2018-ൽ പക്ഷാഘാതത്താൽ ശരീരം തളർന്ന് കുറെ കാലമായി കിടപ്പിലായിരുന്നു . കൈകാലുകൾക്ക് ബലക്കുറവും കണ്ണിന് കാഴ്ചക്കുറവും ഉള്ളതിനാൽ ശോഭാ ക്ഷേത്രത്തിനു മുൻപിൽ കുറേകാലമായി ഇരുന്നാണ് ദാസൻ ലോട്ടറി കച്ചവടം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *