Your Image Description Your Image Description

ന്യൂഡൽഹി: കനത്ത മഴയിൽ നഗരത്തിലെ പ്രധാന മേഖലകളെല്ലാം മുങ്ങി. റോ‍ഡിലെ വെള്ളക്കെട്ടിനെതിരെ പ്രതിഷേധവുമായി കോർപറേഷനിലെ ബിജെപി കൗൺസിലർ രവീന്ദർ സിങ് നേഗി. ദേശീയപാതയിൽ ബോട്ടിറക്കിയായിരുന്നു നേഗിയുടെ പ്രതിഷേധം. ഡൽഹി സർക്കാരിന്റെ മൺസൂൺ മുന്നൊരുക്കം പാളിപ്പോയെന്നും ഇതാണ് ദുരവസ്ഥയ്ക്കു കാരണമെന്നും വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച വിനോദ് നഗറിൽ ബോട്ടിറക്കിയ നേഗി പറഞ്ഞു.

മിന്റോ ബ്രിജ്, മൂൽചന്ദ്, അരവിന്ദോ റോ‍‍ഡ്, വിനോദ് നഗർ എന്നിവടങ്ങളിലാണു സ്ഥിതി ഗുരുതരം. പൊതുമരാമത്ത് വകുപ്പിന്റെ ഓടകളെല്ലാം നിറഞ്ഞു കവിഞ്ഞു. മൺസൂൺ എത്തുന്നതിനു മുൻപ് ഇതു നന്നാക്കാതിരുന്നതാണു സ്ഥിതി ഗുരുതരമാക്കിയത്. ‍ഡൽഹി സർക്കാർ വിഷയത്തിൽ കനത്ത അനാസ്ഥയാണു കാണിച്ചതെന്നും വിനോദ് നഗർ കൗൺസിലറായ നേഗി ആരോപിക്കുന്നു. പ്രളയബാധിത മേഖലകളിലൂടെയുള്ള നേഗിയുടെ ബോട്ടുയാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഡൽഹിയിൽ ശനിയാഴ്ചയോടെ മാത്രമേ മൺസൂൺ എത്തൂ എന്നായിരുന്നു നേരത്തേ കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്റെ പ്രവചനം. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ മഴ ശക്തമായി. ഇതോടെയാണു കിഴക്കൻ ഡൽഹിയിലെ താഴ്ന്ന മേഖലകൾ വെള്ളത്തിനടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *