Your Image Description Your Image Description

 

ഡൽഹി: ഡൽഹി ന​ഗരത്തിലും എൻസിആറിലും കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ന​ഗരം മുങ്ങി. കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച്, ഡൽഹിയിൽ വ്യാഴാഴ്ച രാവിലെ 8:30 മുതൽ വെള്ളിയാഴ്ച രാവിലെ 8:30 വരെ 228 മില്ലിമീറ്റർ മഴ ലഭിച്ചു. റെക്കോർഡ് മഴയാണ് പെയ്തത്. 1936 ജൂണിൽ 235.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ അളവിൽ മഴ ലഭിക്കുന്നത്. സാധാരണഗതിയിൽ, ജൂണിൽ ഡൽഹിയിൽ ശരാശരി 80.6 മില്ലിമീറ്റർ മഴയാണ് ലഭിക്കുന്നത്.

ഒരുമാസം പെയ്യേണ്ട മഴയുടെ ഏകദേശം മൂന്നിരട്ടി മഴയാണ് ഒറ്റ ദിവസം പെയ്തത്. വെള്ളപ്പൊക്കം പലയിടത്തും ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു. അതേസമയം, കനത്ത ചൂട് മഴയോടെ കുറഞ്ഞു. കഴിഞ്ഞ ദിവസം കുറഞ്ഞ താപനില 24.7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ദില്ലി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചതടക്കമുള്ള അപകടങ്ങളും റിപ്പോർട്ട് ചെയ്തു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനം ദില്ലിയിൽ ഗതാഗത കുരുക്കിൽപ്പെട്ടു. വെള്ളക്കെട്ടിനെ തുടർന്ന് ദില്ലി ഐടിഒയിൽ ഉണ്ടായ ഗതാഗതക്കുരുക്കിൽ മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും അകപ്പെടുകയായിരുന്നു. പത്ത് മിനിറ്റോളം നേരം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഗതാഗത കുരുക്കിൽ കിടന്നു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി പോകുമ്പോഴായിരുന്നു സംഭവം.

 

Leave a Reply

Your email address will not be published. Required fields are marked *