Your Image Description Your Image Description

 

ഗയാന: ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ബാറ്റിംഗ് നിരയിൽ ശിവം ദുബെയുടെ മോശം പ്രകടനം ചർച്ചയാക്കി വീണ്ടും ആരാധകർ. ഇന്നലെ ഇംഗ്ലണ്ടിനെതിരെ ഏഴാമനായാണ് ശിവം ദുബെയെ ഇന്ത്യ ബാറ്റിംഗിനയച്ചത്. ആദിൽ റഷീദ് എറിഞ്ഞ ഇന്ത്യൻ ഇന്നിംഗ്സിലെ പതിനാലാം ഓവറിൽ രോഹിത് ശർമ പുറത്തായപ്പോൾ ഹാർദ്ദിക് പാണ്ഡ്യയാണ് പകരം ക്രീസിലെത്തിയത്.

സ്പിന്നർമാരായ ആദിൽ റഷീദും ലിയാം ലിവിംഗ്‌സ്റ്റണും ഇന്ത്യൻ സ്കോറിംഗിന് ബ്രേക്കിട്ടപ്പോൾ സ്പിന്നർമാരുടെ അന്തകനെന്ന് പേര് കേട്ട ശിവം ദുബെയെ ആ സമയം ബാറ്റിംഗിനിറക്കാതിരുന്ന ഇന്ത്യൻ ടീം മാനേജ്മെൻറിൻറെ തീരുമാനം ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. എന്നാൽ പതിനാറാം ഓവറിൽ സൂര്യകുമാർ പുറത്തായപ്പോഴാകട്ടെ ബാറ്റിംഗിൽ ഇതുവരെ ഫോമിലാവാതിരുന്ന രവീന്ദ്ര ജഡേജയെ ബാറ്റിംഗിനയച്ച് ശിവം ദുബെയെ ടീം മാനേജ്മെൻറ് സംരക്ഷിക്കുന്നതാണ് ആരാധകർ പിന്നീട് കണ്ടത്. ഒടുവിൽ പതിനെട്ടാം ഓവറിൽ ഹാർദ്ദിക് പാണ്ഡ്യ പുറത്തായപ്പോൾ മാത്രമാണ് മറ്റ് വഴിയില്ലാതെ ദുബെയെ ക്രീസിലെത്തിയത്.

ക്രിസ് ജോർദ്ദാൻറെ നേരിട്ട ആദ്യ പന്തിൽ പുറത്തായി ദുബെ ഒരിക്കൽ കൂടി ഇന്ത്യയുടെ പ്രതിസന്ധിയുടെ ആഴം കൂട്ടി. ഓൾ റൗണ്ടർ, ഇടം കൈയൻ ബാറ്റർ, വിൻഡീസിലെ സ്പിൻ പിച്ചിൽ സ്പിന്നർമാരുടെ അന്തകൻ എന്നീ വിശേഷണങ്ങളോടെ പ്ലേയിംഗ് ഇലവനിൽ സ്ഥാനം നിലനിർത്തുന്ന ദുബെയെ എന്തുകൊണ്ടാണ് ഇന്ത്യ മാറ്റി പരീക്ഷിക്കാൻ തയാറാവാത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഓൾ റൗണ്ടറായി ടീമിൽ തുടരുന്ന ദുബെ ഈ ലോകകപ്പിൽ ഇതുവരെ ബൗൾ ചെയ്തത് ഒരു ഓവർ മാത്രമാണ്. ദുബെക്ക് പകരം സ്പെഷലിസ്റ്റ് ബാറ്റർമാരായി ടീമിലുള്ള മലയാളി താരം സഞ്ജു സാംസണോ യശസ്വി ജയ്സ്വാളിനോ ഒരു തവണ പോലും അവസരം നൽകാതെയാണ് ടീം വീണ്ടും വീണ്ടും ദുബെയിൽ വിശ്വാസമർപ്പിക്കുന്നത് എന്ന് ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്.

നാളെ ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലിലും വിജയിച്ച ടീമിൽ മാറ്റം വരുത്താൻ ഇന്ത്യൻ ടീം മാനേജ്മെൻറ് തയാറാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. വിരാട് കോലി ഓപ്പണിംഗിൽ തുടർച്ചയായി പരാജയപ്പെടുന്ന പശ്ചാത്തലത്തിൽ ഓപ്പണറായി യശസ്വി ജയ്സ്വാളിനെ പരീക്ഷിക്കാനോ മധ്യനിരയിൽ ശിവം ദുബെയെ മാറ്റി സഞ്ജു സാംസണെ കളിപ്പിക്കാനോ ഇതുവരെ തയാറവാത്തത് എന്തുകൊണ്ടാണെന്നാണ് ആരധകർ ചോദിക്കുന്നത്. റിങ്കു സിംഗിനെപ്പോലെ തികഞ്ഞൊരു ഫിനിഷറെ റിസർവ് താരമാക്കിയാണ് ഓൾ റൗണ്ടറെന്ന ലേബലിൽ ശിവം ദുബെയ്ക്ക് 15 അംഗ ടീമിൽ അവസരം നൽകിയതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *