Your Image Description Your Image Description

 

ഗയാന: ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലിലെത്തിയതിന് പിന്നാലെ സന്തോഷം അടക്കാനാവാതെ ആനന്ദക്കണ്ണീർ പൊഴിച്ച് ക്യാപ്റ്റൻ രോഹിത് ശർമ. ഡ്രസ്സിംഗ് റൂമിൽ തിരിച്ചെത്തിയശേഷം വികാരഭരിതനായി കണ്ണീരടക്കാനാവാതെ മുഖം പൊത്തിയിരുന്ന രോഹിത്തിനെ ഒരു ചെറു ചിരിയോടെ അടുത്തെത്തി വിരാട് കോലി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു.

രോഹിത്തിൻറെ നായകത്വത്തിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ പ്രവേശനമാണിത്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യ രോഹിത്തിൻറെ നായകത്വത്തിൽ ഫൈനലിലെത്തിയിരുന്നു. ബാറ്റിംഗ് തുടങ്ങിയപ്പോൾ ഈ പിച്ചിൽ 140-150 റൺസായിരുന്നു മനസിൽ കണ്ട ലക്ഷ്യമെന്ന് മത്സരശേഷം രോഹിത് പറഞ്ഞു. എന്നാൽ മധ്യ ഓവറുകളിൽ സൂര്യയുമായി ചേർന്ന് തനിക്ക് മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ കഴിഞ്ഞതും അവസാനം ഹാർദ്ദിക്കും ജഡേജയും നിർണായക റൺസ് കണ്ടെത്തുകയും ചെയ്തതോടെ ഇന്ത്യ പ്രതീക്ഷിച്ചതിൽ 20-25 റൺസ് അധികം നേടിയെന്നും രോഹിത് വ്യക്തമാക്കി.

കളി തുടങ്ങുമ്പോൾ തൻറെ മനസിൽ ഒരു ലക്ഷ്യമുണ്ടായിരുന്നെങ്കിലും അത് മറ്റ് താരങ്ങളോട് പറഞ്ഞിരുന്നില്ലെന്നും ലക്ഷ്യം മുന്നിൽവെക്കാതെ സ്വതന്ത്രമായി കളിക്കാനായിട്ടായിരുന്നു ഇതെന്നും രോഹിത് പറഞ്ഞു. കാരണം, അവരെല്ലാം സ്വാഭിവകമായും ആക്രമിച്ച് കളിക്കാൻ താൽപര്യപ്പെടുന്ന കളിക്കാരാണ്. അതുകൊണ്ട് തന്നെ അവർ സ്വതന്ത്രരായി കളിക്കട്ടെ എന്ന് കരുതിയാണ് മനസിലെ ലക്ഷ്യം അവരോട് പറയാതിരുന്നത്. സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ 170 റൺസ് ഈ പിച്ചിലെ ഏറ്റവും മികച്ച സ്കോറായിരുന്നു.

ഇന്ത്യയുടെ ബൗളിംഗ് കുന്തമുനകളാണ് അക്സറും കുൽദീപും. സാഹചര്യം കൂടി അനുകൂലമാണെങ്കിൽ പിന്നെ അവർക്കെതിരെ ഷോട്ട് കളിക്കുക എന്നത് എളുപ്പമല്ല. പിച്ചിലെ പിന്തുണ ഫലപ്രദമായി ഉപയോഗിക്കുക എന്നത് മാത്രമെ അവർക്ക് ചെയ്യാനുണ്ടായിരുന്നുളളു. അത് അവരുടെ പരിചയസമ്പത്ത് വെച്ച് കൃത്യമായി നടപ്പാക്കി. ഇന്നിംഗ്സിൻറെ ഇടവേളയിൽ ബൗൺസ് കുറവുള്ള പിച്ചിൽ സ്റ്റംപിനെ ലക്ഷ്യമാക്കി മാത്രം പന്തെറിയാനായിരുന്നു ടീം പദ്ധതിയിട്ടതെന്നും രോഹിത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *