Your Image Description Your Image Description

 

ഗെൽസെൻകിർചെൻ: യൂറോ കപ്പ് ഫുട്ബോളിൽ മുൻ ചാമ്പ്യൻമാരായ പോർച്ചുഗലിനെ അട്ടിമറിച്ച് ടൂർണമെൻറിലെ നവാഗതരായ ജോർജിയയുടെ അത്ഭുതം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്‌ത്തി ജോർജിയ യൂറോ കപ്പിൻറെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ജോർജിയൻ ഫുട്ബോൾ ചരിത്രത്തിലെ ഐതിഹാസിക വിജയമാണിത്. അതേസമയം ക്രിസ്റ്റ്യാനോയുടെ ഗോൾവരൾച്ച ഒരു മത്സരത്തിൽക്കൂടി തുടർന്നു.

യൂറോയിൽ ജോർജിയൻ ചെങ്കോട്ടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പറങ്കിപ്പട തട്ടിത്തകർന്നു. കാൽപന്തുകളിയിൽ കൽപാന്തകാലം ജോർജിയയ്ക്ക് ആഘോഷിക്കാൻ ഒരിക്കലും മറക്കാത്തൊരു അട്ടിമറി വിജയമായി ഇത്. ഫിഫ റാങ്കിംഗിൽ പോർച്ചുഗൽ ആറും ജോർജിയ എഴുപത്തിനാലും സ്ഥാനത്താണ് മത്സരത്തിനിറങ്ങിയത്. ഒരു ശതമാനം മാത്രം ജയസാധ്യതയുളള ജോർജിയക്കെതിരെ പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനസ് ആദ്യ ഇലവനിലെ പത്ത് പേർക്ക് വിശ്രമം നൽകി. എന്നാൽ മൈതാനത്ത് കളിക്ക് ചൂട് പിടിക്കും മുന്നേ പോർച്ചുഗൽ ഞെട്ടി.

പന്തിന് മുന്നിലും പിന്നിലും ജോർജിയയുടെ പതിനൊന്ന് പേർ ഒരുമെയ്യായപ്പോൾ കളിക്കളത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും വീർപ്പുമുട്ടി. കിക്കോഫായി രണ്ടാം മിനുറ്റിൽ കരസ്‌കേലിയയുടെ തകർപ്പൻ ഫിനിഷിംഗ് ജോർജിയയെ മുന്നിലെത്തിച്ചു.

ഗോൾമടക്കാൻ പറങ്കിപ്പട പതിനെട്ടടവും പയറ്റുന്നതിനിടെ ജോർജിയുടെ രണ്ടാം പ്രഹരമെത്തി. പെനാൽറ്റിയിലൂടെ 57-ാം മിനുറ്റിൽ ജോർജസ് വകയായിരുന്നു ഗോൾ. പിന്നാലെ മത്സരത്തിൻറെ പാതിവഴിയിൽ തിരികെ വിളിച്ചതിൽ അതൃപ്തിയോടെ റൊണാൾഡോ ബഞ്ചിലേക്ക് മടങ്ങി. പകരം എത്തിയവർക്കും ജോർജിയൻ കോട്ട ഭേദിക്കാനായില്ല. യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയത്തിലൂടെ ടൂർണമെൻറിലെ ആദ്യ ഊഴത്തിൽ തന്നെ ജോർജിയ അങ്ങനെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *