Your Image Description Your Image Description

കൊച്ചി: മാടവനയിൽ ഒരാളുടെ മരണത്തിനും നിരവധി യാത്രക്കാർക്ക് പരിക്കേൽക്കാനും കാരണമായ അപകടത്തിൽ ബസ് ഡ്രൈവ‍ർക്കെതിരെ കടുത്ത നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. അപകടമുണ്ടാക്കിയ ‘കല്ലട’ ബസ് ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ കേരള മോട്ടോർ വാഹന വകുപ്പ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകും. അമിത വേഗത്തിൽ നിറയെ യാത്രക്കാരുമായി വന്ന ബസ്, സിഗ്നലിൽ പെട്ടെന്ന് ബ്രേക്കിട്ടതാണ് മറിയാൻ കാരണം. സിഗ്നൽ ജംങ്ഷനിൽ മറുവശത്തേക്ക് പോകാൻ ബൈക്കിൽ കാത്തു നിന്നിരുന്ന ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യന്‍റെ മുകളിലേക്കാണ് ബസ് വന്നുവീണത്. ബസിലുണ്ടായിരുന്ന 32 യാത്രക്കാരും ഒരു വശത്തേക്ക് വീണു.

അപകടത്തിൽപ്പെട്ട കല്ലട ബസ് ഇന്നലെ പരിശോധിച്ച എംവിഡി ഉദ്യോഗസ്ഥർ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങളായിരുന്നു. ബസിന്റെ വേഗപ്പൂട്ട് വിഛേദിച്ച നിലയിലായിരുന്നുവെന്നും ഇതിനൊപ്പം ബസിന്റെ പിന്നിലെ ഇടത് വശത്തെ ടയറ് മോശമായിരുന്നുവെന്നും കണ്ടെത്തി. ബസ് അമിത വേഗതയിലായിരുന്നെന്നും പരിശോധന നടത്തിയ മോട്ടർ വെഹിക്കൾ ഇൻസ്പെക്ടർ കെ. മനോജ് വ്യക്തമാക്കി. കല്ലട ബസിന്റെ ഡ്രൈവർ പാൽപ്പാണ്ടിയുടെ അറസ്റ്റ് പനങ്ങാട് പൊലീസ് രേഖപ്പെടുത്തിയിരുന്നു. നട്ടെല്ലിന്നേറ്റ പരിക്കിനെ തുടർന്ന് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

എന്നാൽ കേവലം ഡ്രൈവർ വിചാരിച്ചാൽ മാത്രം നടക്കുന്ന നിയമലംഘനമാണോ ഇതെന്ന ചോദ്യവും ഉയരുന്നുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നെങ്കിലും അത് എത്ര നാളത്തേക്ക് എന്ന ചോദ്യവുമുണ്ട്. നേരത്തെ ഇത്തരം അപകടങ്ങളുണ്ടായപ്പോഴും സമാനമായ പരിശോധനകൾ എംവിഡി ഉദ്യോഗസ്ഥർ നടത്തിയിരുന്നെങ്കിലും അതൊക്കെ ഒരു പരിധിക്ക് അപ്പുറത്തേക്ക് പോയിരുന്നില്ല. ദീർഘദൂര യാത്രകൾക്ക് ഇത്തരം ബസുകളെ ആശ്രയിക്കുന്നവരെയും റോഡ് ഉപയോഗിക്കുന്ന സാധാരണക്കാരെയുമൊക്കെ ഒരുപോലെ ആശങ്കയിലാക്കുന്ന അപകടത്തിൽ നടപടികൾ എത്രത്തോളം മുന്നോട്ട് പോകുമെന്നതും ഇനി കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *