Your Image Description Your Image Description

മലപ്പുറം: മലപ്പുറത്ത് ആവശ്യത്തിന് പ്ലസ് വൺ സീറ്റുണ്ടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദം തള്ളി സമരം പ്രഖ്യാപിച്ച് എസ് എഫ് ഐയും. നാളെ കലക്ടറേറ്റിലേക്ക് എസ് എഫ് ഐ മാർച്ച് പ്രഖ്യാപിച്ചു. റാങ്ക് ജേതാക്കളെ സെക്രട്ടറിയേറ്റിന് മുന്നിൽ അണിനിരത്തി സമരം ചെയ്യുമെന്ന് എം എസ് എഫ് അറിയിച്ചു. പ്രതിസന്ധി രൂക്ഷമായതോടെ മറ്റന്നാൾ വിദ്യാഭ്യാസ മന്ത്രി വിദ്യാ‍ർത്ഥി സംഘടനകളുടെ യോഗം വിളിച്ചു.

അപേക്ഷകരുടെ എണ്ണം കുറച്ച് കാണിച്ച് പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പുതിയ വാദം പൊളിയുകയാണ്. മലപ്പുറം ജില്ലയിലെ ആകെ അപേക്ഷകരുടെ എണ്ണം കുറച്ചുള്ള വിശദീകരണം എസ്എഫ്ഐ പോലും അംഗീകരിക്കുന്നില്ല. മിടുക്കർ പോലും സീറ്റ് കിട്ടാതെ പുറത്തായതോടെ വിദ്യാഭ്യാസ മന്ത്രിയെ തള്ളി എസ്എഫ്ഐയും സമരം ചെയ്യാൻ നിർബന്ധിതരായി. നാളെ മലപ്പുറത്ത് കലക്ടറേറ്റ് മാർച്ച് പ്രഖ്യാപിച്ചു. സീറ്റ് കിട്ടാത്ത ഉയർന്ന റാങ്കുകാരെ സെക്രട്ടറിയേറ്റിന് മുന്നിലെത്തിച്ച് സമരം ചെയ്യുമെന്നാണ് എംഎസ്എഫ് നിലപാട്. സമരം ഏറ്റെടുക്കുമെന്ന് ലീഗും മുന്നറിയിപ്പ് നൽകുന്നു.

ഇടത് വിദ്യാർത്ഥി സംഘടനകൾ പോലും സമരത്തിന് ഇറങ്ങിയതോടെയാണ് വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് വിളിച്ചത്. മറ്റ് ജില്ലകളിൽ കുട്ടികൾ കുറവായ ബാച്ചുകൾ മലബാറിലേക്ക് മാറ്റുകയാണ് ഇനിയുള്ള പോംവഴി. കുട്ടികൾ കുറവായ 129 ബാച്ചുകൾ മറ്റ് ജില്ലകളിലുണ്ട്. ബാച്ച് ട്രാൻസ്ഫറിന് പുറമെ മലപ്പുറത്ത് അടക്കം ഇനിയും താൽക്കാലിക ബാച്ച് അനുവദിക്കാനും സർക്കാർ തയ്യാറാകുമോ എന്നാണ് വിദ്യാർത്ഥികൾ കാത്തിരിക്കുന്നത്. അൺ എയ്ഡഡ് സ്കൂളുകളിലെയും ഐടിഐയിലെയും പോളി ടെക്നിക്കിലെയും സീറ്റുകൾ ചേർത്ത് മലബാറിൽ ആവശ്യത്തിന് സീറ്റുണ്ടെന്നായിരുന്നു മന്ത്രിയുടെ ആദ്യ നിലപാട്. പിന്നീടാണ് അപേക്ഷകരുടെ എണ്ണം കുറച്ചുള്ള പുതിയ വാദം കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *