Your Image Description Your Image Description

മുംബൈ: നടന്‍ ജാക്കി ഭഗ്‌നാനിയുടെ പൂജാ എൻ്റർടൈൻമെൻ്റിനെതിരെ പുതിയ വിവാദം. തങ്ങളുടെ പ്രതിഫലം പ്രൊഡക്ഷന്‍ ഹൌസ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ചിത്രം അടക്കം നിര്‍മ്മിച്ച പ്രൊഡക്ഷന്‍ ഹൌസാണ് പൂജ എന്‍റര്‍ടെയ്മെന്‍റ്.

പൂജ എന്‍റര്‍ടെയ്മെന്‍റ് നിര്‍മ്മിച്ച ചിത്രത്തിലെ ക്രൂ അംഗമായ രുചിത കാംബ്ലെയാണ് ഇൻസ്റ്റാഗ്രാമിൽ ഒരു നീണ്ട പോസ്റ്റ് എഴുതിയിരിക്കുന്നത്. ജാക്കിയുടെയും പിതാവ് വാഷു ഭഗ്നാനിയുടെയും ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസിൽ പ്രവർത്തിക്കരുതെന്ന് അവർ മറ്റുള്ളവരോട് ആവശ്യപ്പെടുന്നുണ്ട്.

ഒട്ടും പ്രഫഷണല്‍ അല്ലാത്ത രീതിയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും, ശമ്പളം ലഭിക്കാൻ അവർ പാടുപെടുകയാണെന്നും. പ്രതിഫലം വൈകുന്നതില്‍ നിരാശ പ്രകടിപ്പിച്ച് ഇട്ട പോസ്റ്റില്‍ പറയുന്നു.

ജോലി കഴിഞ്ഞാല്‍ 45-60 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത പണം ചോദിച്ചതിന് ഒരാള്‍ക്കെതിരെ തട്ടിക്കയറുന്നത് പ്രൊഫഷണലല്ല. പക്ഷേ ഞങ്ങളുടെ സംഘം സിനിമയുടെ അഭിനിവേശത്താൽ നയിക്കപ്പെടുന്ന ഒരു സംഘം ആയതിനാൽ ചിലപ്പോള്‍ ഇതൊക്കെ സഹിക്കും. എന്നാൽ ഈ അഭിനിവേശം ചൂഷണം ചെയ്യുന്നത് അംഗീകരിക്കാൻ സാധിക്കില്ല – പോസ്റ്റില്‍ പറയുന്നു.
പലരും നിര്‍മ്മാതാക്കള്‍ക്കെതിരെ ഈ പോസ്റ്റിന് അടിയില്‍ രംഗത്ത് എത്തിയിട്ടുണ്ട്. ജോലി ചെയ്തതിന്‍റെ പണം നല്‍കേണ്ടത് ബാധ്യതയാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പലരും സിനിമ സെറ്റിലെ ഇത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.

1986-ൽ സ്ഥാപിതമായ പൂജ എന്‍റര്‍ടെയ്മെന്‍റ് എന്ന ബാനര്‍ കൂലി നമ്പർ.1, ബിവി നമ്പർ.1, ഷാദി നമ്പർ.1, ജവാനി ജാനെമാൻ തുടങ്ങിയ കോമഡി ആക്ഷന്‍ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. അക്ഷയ് കുമാറും ടൈഗർ ഷ്റോഫും അഭിനയിച്ച ബഡേ മിയാൻ ഛോട്ടേ മിയാൻ ആയിരുന്നു പൂജ എൻ്റർടെയ്ൻമെൻ്റിൻ്റെ അവസാന ചിത്രം. ചിത്രം ബോക്‌സ് ഓഫീസിൽ വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *