Your Image Description Your Image Description

 

മ്യൂണിക്ക്: യൂറോ കപ്പിൽ രണ്ടാം ജയം തേടി തുർക്കിയും പോർച്ചുഗലും നേർക്കുനേർ. യൂറോയിൽ ഇതുവരെ ആദ്യ രണ്ട് മത്സരങ്ങൾ ജയിക്കാനായിട്ടില്ലെന്ന റെക്കോർഡ് തിരുത്താനാണ് തുർക്കിയുടെ ശ്രമം. ലക്ഷ്യം യൂറോ കിരീടമാണെങ്കിൽ ഈ കളി പോര. കടുത്ത ആരാധകർക്കും ഫുട്‌ബോൾ പ്രേമികൾക്കും പോർച്ചുഗലിനോട് പറയാനുള്ളത് ഇത് മാത്രമാണ്. ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ജയിച്ചെങ്കിലും പോർച്ചുഗീസ് ആക്രമണങ്ങളെ ചെക് റിപ്പബ്ലിക് സമർഥമായി പ്രതിരോധിച്ചു.

70 ശതമാനം പന്തവകാശം വച്ചിട്ടും 13 കോർണറുകൾ ലഭിച്ചിട്ടും കളത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിട്ടും പോർച്ചുഗലിന്റെ ജയം വൈകിപ്പിക്കാൻ ചെക്കിനായി. കോച്ച് റോബർട്ടോ മാർട്ടിനസിന് തല പുകയ്ക്കാൻ കാര്യങ്ങളേറെയുണ്ട് ടീമിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടുന്ന മുന്നേറ്റനിരയിലെ ഒത്തിണക്കമില്ലായ്മയുമാണ് പ്രധാന തലവേദന. ഡിഫൻഡർമാർക്കിടയിൽ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിൽ റോണോയെ പലതവണ കണ്ടു ആദ്യ മത്സരത്തിൽ. തുർക്കിക്കെതിരെ ഇതുവരെ ഗോൾ നേടിയിട്ടില്ലാത്തതിനാൽ ഇന്ന് സ്‌കോർ ചെയ്താൽ ക്രിസ്റ്റ്യാനോയ്ക്ക് പലതുണ്ട് ഗുണങ്ങൾ.

തുർക്കിക്കെതിരെ ഇറങ്ങുമ്പോൾ മുന്നേറ്റത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണലാകും ടീമിന്റെ പ്രധാന ലക്ഷ്യം. ജോർജിയയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്തുവരുന്ന തുർക്കിയുടെ ആത്മവിശ്വാസത്തോടും കളിച്ചുവേണം പോർച്ചുഗലിന് ഇന്ന് ജയിക്കാൻ. വലിയ ടൂർണമെന്റുകളിൽ ഇതുവരെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ചിട്ടില്ലെന്ന് മോശം റെക്കോർഡ് തിരുത്താൻ കൂടിയാണ് തുർക്കിയുടെ ശ്രമം.അവസാന രണ്ട് യുറോ കപ്പിലും ഗ്രൂപ്പ് ഘടത്തിൽ പുറത്തായ തുർക്കിക്ക് അഭിമാന പോരാട്ടമാണിത്.

ഏഴ് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ആറുതവണയും പോർച്ചുഗലിനായിരുന്നു ജയം. യൂറോ കപ്പിൽ 2008ൽ സെമിയിലെത്തിയ ടീമാണ് അട്ടിമറിക്ക് പേരുകേട്ട തുർക്കി, വീണ്ടുമൊരു കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന പോർച്ചുഗലിനെ യുവതുർക്കി പിടിച്ചുകെട്ടുമോ, അതോ എല്ലാത്തവണത്തേയും പോലെ വിമർശനങ്ങളെ ഹെഡർ ചെയ്ത് ഗോളാക്കി റോണോ കരുത്തുകാട്ടുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ. ഇന്നത്തെ മറ്റ് മത്സരങ്ങളിൽ ബെൽജിയം ജീവൻ മരണ പോരാട്ടത്തിൽ റുമാനിയയെയും ജോർജിയ, ചെക് റിപ്പബ്ലിക്കിനെയും നേരിടും.

 

Leave a Reply

Your email address will not be published. Required fields are marked *