Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി : മനുഷ്യക്കടത്ത് കേസില്‍ നാല് എയര്‍ ഇന്ത്യ ജീവനക്കാരും ഒരു യാത്രക്കാരനും പിടിയില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ബ്രിട്ടനിലേക്ക് വിമാനം കയറാൻ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലാകുന്നത്.

എയര്‍ ഇന്ത്യ എസ് എ ടി എസ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാരായ രോഹൻ വര്‍മ, മുഹമ്മദ് ജഹാംഗീര്‍, യാഷ്, അക്ഷയ് നാരംഗ്, യാത്രക്കാരനായ ദില്‍ജോത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.

മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ട നാല് ജീവനക്കാരെയും പിരിച്ചുവിട്ടതായി കമ്ബനി അറിയിച്ചു.

ബ്രിട്ടനിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ ദില്‍ജോത് സിംഗ് എന്നയാളുടെ ട്രാവല്‍ ഡോക്യുമെന്റുകള്‍ പരിശോധിച്ചപ്പോള്‍ എമിഗ്രേഷൻ വിഭാഗത്തിന് തോന്നിയ സംശയമാണ് സംഘത്തെ പിടികൂടുന്നതിലേക്ക് നയിച്ചത്. ഡോക്യുമെന്റില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വ്യക്ത വരുത്താൻ എയര്‍ലൈൻ അധികൃതരെ സമീപിക്കാൻ എമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ ഇയാള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ അധികൃതരെ സമീപിക്കുന്നതിന് പകരം ഇയാള്‍ എയര്‍ ഇന്ത്യ എസ് എ ടി എസ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാരെയാണ് സമീപിച്ചത്.

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ സിഐഎസ്‌എഫ് ഡല്‍ഹി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സഹകരണത്തോടെ സംഭവം അന്വേഷിച്ചു. ക്രൂ ചെക്ക്-ഇൻ കൗണ്ടറിലെ എ ഐ എസ് എ ടി എസ് ജീവനക്കാര്‍ അസാധുവായ രേഖകള്‍ ഉപയോഗിച്ച്‌ സിംഗിനും മറ്റു രണ്ട് പേര്‍ക്കും ബോര്‍ഡിംഗ് പാസ് എടുത്ത് നല്‍കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടു. ഇതോടെ സംഘത്തെ സിഐഎസ്‌എഫ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ പിന്നീട് ഡല്‍ഹി പോലീസിന് കൈമാറി.

 

Leave a Reply

Your email address will not be published. Required fields are marked *