Your Image Description Your Image Description

 

ബെംഗലൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസൺ(52) വീടിൻറെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു. ബെംഗലൂരുവിലെ കോത്തനൂരിൽ ഉള്ള ഫ്ലാറ്റിൻറെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. രാവിലെ 11.15 ന് ആണ് സംഭവം. കോത്തനൂരിലെ കനകശ്രീ ലേ ഔട്ടിൽ ഉള്ള എസ്എൽവി പാരഡൈസ് എന്ന ഫ്ലാറ്റിൽ ആയിരുന്നു ഡേവിഡ് ജോൺസണും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ നാലാം നിലയിലെ വീടിൻറെ ബാൽക്കണിയിൽ നിന്ന് താഴെ വീണാണ് മരിച്ചത്. ജോൺസൺ താഴേക്ക് വീഴുമ്പോൾ കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

കഴിഞ്ഞ കുറച്ചു കാലമായി വിഷാദം അടക്കമുള്ള രോഗങ്ങൾ ഡേവിഡ് ജോൺസണെ അലട്ടിയിരുന്നു എന്ന് കുടുംബാംഗങ്ങൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പേസ് ബൗളറായിരുന്ന ജോൺസൺ 1996-ൽ സച്ചിൻ ടെൻഡുൽക്കറുടെ ക്യാപ്റ്റൻ‍സിയിൽ ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയത്. അതിന് തൊട്ടു മുമ്പ് രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ 152 റൺസ് വഴങ്ങി 10 വിക്കറ്റെടുത്ത പ്രകടനമായിരുന്നു ജോൺസണെ ഇന്ത്യൻ ടീമിലെത്തിച്ചത്.

ഓസ്ട്രേലിയക്കെതിരായ ഡൽഹി ടെസ്റ്റിന് മുമ്പ് ഇന്ത്യൻ പേസറായിരുന്ന ജവഗൽ ശ്രീനാഥിന് പരിക്കേറ്റതിനെത്തുടർന്നാണ് ജോൺസണ് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചത്. കർണാടക ടീമിലെ സഹതാരമായിരുന്ന വെങ്കിടേഷ് പ്രസാദിനൊപ്പം മികച്ച രീതിയിൽ പന്തെറിഞ്ഞ ജോൺസൺ രണ്ടാം ഇന്നിംഗ്സിൽ ഓസീസ് നായകൻ മൈക്കൽ സ്ലേററ്റെ പുറത്താക്കുകയും ചെയ്തു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലെ പ്രകടനത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും അവസരം ലഭിച്ച ജോൺസണ് പക്ഷെ ആദ്യ ടെസ്റ്റിൽ മാത്രമെ പ്ലേയിംഗ് ഇലവനിൽ കളിക്കാനായുള്ളു. ആ മത്സരത്തിൽ ഹെർഷെൽ ഗിബ്സിനെയും മക്‌മില്ലനെയും ജോൺസൺ പുറത്താക്കിയിരുന്നു. രണ്ട് ടെസ്റ്റുകളിൽ നിന്ന് മൂന്ന് വിക്കറ്റുകളാണ് ജോൺസൻറെ രാജ്യാന്തര കരിയറിലെ സമ്പാദ്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 39 മത്സരങ്ങളിൽ നിന്ന് 125 വിക്കറ്റുകളും ലിസ്റ്റ് എ ക്രിക്കറ്റിൽ 33 മത്സരങ്ങളിൽ നിന്ന് 41 വിക്കറ്റുകളും നേടിയിട്ടുണ്ട്.

മികച്ച പേസുണ്ടായിരുന്നെങ്കിലും സ്ഥിരതയും നിയന്ത്രണവുമില്ലാതിരുന്നത് ജോൺസണ് കരിയറിൽ തിരിച്ചടിയായി. ആദ്യ രണ്ട് ടെസ്റ്റുകൾക്ക് ശേഷം പിന്നീട് ജോൺസണ് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകക്ക് വേണ്ടിയാണ് ജോൺസൺ കളിച്ചിരുന്നത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം കോച്ചിംഗിലും ജോൺസൺ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *