Your Image Description Your Image Description

കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ പുതിയ ട്രഷറായി നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിലെ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദനെ സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ട്രഷറർ സ്ഥാനത്തേയ്ക്ക് വരുന്നത് .

രമേഷ് പിഷാരടി, റോണി ഡേവിഡ്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ എന്നിവർ പതിനൊന്ന് അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശപത്രിക നൽകിയിട്ടുണ്ട്.

 

നടൻ മോഹൻലാലിനെ നേരത്തെ ‘അമ്മ’യുടെ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു . മോഹൻലാൽ മറ്റു സ്ഥാനാർഥികൾ ഇല്ലാതിരുന്നതിനാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഇനി അമ്മയിൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ ജൂൺ 30-ന് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടക്കും . 506 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്.

ജനറൽ സെക്രട്ടറി പദവിയിലേക്ക് സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരും . ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും മത്സരിക്കുo . അതേസമയം അനൂപ് ചന്ദ്രനും ബാബുരാജും ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും.

ഇടവേള ബാബു 25 വർഷത്തിനു ശേഷം സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ചർച്ചയായത് . ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയുടെ വാക്കുകൾക്കുമുന്നിൽ തീരുമാനം മാറ്റുകയായിരുന്നു.

അമ്മ 1994-ൽ രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ ഇടവേള ബാബു സമിതിയുടെ ഒപ്പം താങ്ങായി ഉണ്ടായിരുന്നു . ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു തുടക്കം . പിന്നീട് മമ്മൂട്ടിയും മോഹൻലാലും ജനറൽസെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ അവരുടെ ഷൂട്ടിങ് തിരക്കുകൾ മൂലം ചുമതലകൾ നിർവഹിക്കുവാൻ ബാബു സെക്രട്ടറിയായി. 2018-ലാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബു വന്നത് .

മോഹൻലാലും ഇടവേള ബാബുവും എതിരില്ലാതെ 2021-ൽ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായി. മണിയൻപിള്ള രാജുവും ശ്വേത മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായപ്പോൾ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടിയിരുന്നു . മറുപക്ഷത്ത് നിന്ന് മത്സരിച്ച നിവിൻപോളിയും ആശ ശരത്തും ഹണി റോസുമാണ് ആ സമയത്ത് തോറ്റത്.

Leave a Reply

Your email address will not be published. Required fields are marked *