Your Image Description Your Image Description

മുംബൈ: മഹാരാഷ്ടയില്‍ എന്‍ഡിഎക്കൊപ്പമുള്ള എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ പോര് മുറുകുന്നു. അജിത് പവാറിന്‍റെ ഏകാതിപത്യത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവും സംസ്ഥാന ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയുമായ ഛഗന്‍ ഭുജ്ബല്‍ ഉടന്‍ പാർട്ടി വിടുമെന്നാണ് സൂചന. ശരത് പവാറിനോ ഉദ്ദവിനോ ഒപ്പം ചേർന്നില്ലെങ്കില്‍ പുതിയ പാർട്ടി രൂപീകരിക്കാനാണ് ഭുജ്ബലിന്‍റെ നീക്കം.

ശരത് പവാറിന്‍റെ വിശ്വസ്തരിലൊരാളായ 78 കാരന്‍ ഛഗന്‍ ഭുജ്ബല്‍ എന്‍സിപി പിളര്‍ന്നപ്പോള്‍ അജിത് പവാറിനോപ്പം പോയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. സംസ്ഥാനത്തെ ഒബിസി വിഭാഗത്തിലുള്ള സ്വാധീനമാണ് ഭുജ്ബലിന്‍റെ കരുത്ത്. മറാത്ത സംവരണത്തെ എതിര്‍ത്ത നേതാവു കൂടിയാണ് ഭുജ്ബല്‍. ഈ എതിര്‍പ്പാണ് അജിത് പവാറുമായി ഇടയാനുള്ള ആദ്യ കാരണം. എന്‍ഡിഎയുടെ നിലപാടിന് വിരുദ്ധമായി രാജ്യത്ത് ജാതി സെന്‍സസ് വേണമെന്ന് പരസ്യമായി പറഞ്ഞതും കല്ലുകടിയായി. നാസിക്കില്‍ നിന്നുള്ള ലോക്സഭാ സീറ്റ് നിഷേധിച്ചതോടെ അജിത് പവാറുമായി അഭിപ്രായ ഭിന്നത രൂക്ഷമായി.

പാര്‍ട്ടിയില്‍ ആലോചിക്കാതെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറിന് രാജ്യസഭാ സീറ്റ് നല്‍കിയതും ഭുജ്ബലിനെ ചൊടുപ്പിച്ചു. ഇതോടെയാണ് ഭുജ്ബൽ നയിക്കുന്ന സാമൂഹ്യ സംഘടനയായ സമതാ പരിഷത്ത് യോഗം ചേർന്നത്. യോഗത്തില്‍ പുറത്തുപോകണമെന്ന ആവശ്യം ഭാരവാഹികള്‍ മുന്നോട്ടുവെച്ചു. ഈ ആവശ്യം ചഗന്‍ ഭുജ്ബല്‍ അംഗീകരിച്ചെന്നാണ് വിവരം. മുൻപ് ശിവസേന നേതാവായിരുന്ന ഭുജ്ബല്‍ ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിന്റെ കൂടെ പോകണോ, ശരത് പവാറിനോപ്പം നില്‍ക്കണോ അതോ പുതിയ പാർട്ടിയുണ്ടാക്കണോ എന്നതിനെകുറിച്ചാണ് ആലോചിക്കുന്നത്. ഒരാഴ്ച്ചക്കുള്ളില്‍ തീരുമാനമാകുമെന്നാണ് സൂചന. ഛഗന്‍ ഭുജ്ബല്‍ എന്‍സിപി വിടുന്നതോടെ ഒബിസി വിഭാഗത്തിലെ അതിശക്തനായ ഒരു നേതാവിനെയാകും അജിത് പവാറിന് നഷ്ടമാവുക. ഭുജ്ബലിനെ കൂടെ കൂട്ടാന്‍ ശരത് പവാർ പക്ഷം നീക്കം തുടങ്ങി.

 

Leave a Reply

Your email address will not be published. Required fields are marked *