Your Image Description Your Image Description

 

സ്വാതന്ത്രാനന്തര ഇന്ത്യ, ആദ്യ വർഷങ്ങളിൽ വലിയ പ്രതിസന്ധികളിലൂടെയായിരുന്നു കടന്ന് പോയത്. നൂറ്റാണ്ടുകളായി ഭരിച്ചിരുന്ന ബ്രിട്ടൻ, ഇന്ത്യയുടെ അധികാരമൊഴിഞ്ഞു. പിന്നാലെയുണ്ടായ വിഭജനം ലക്ഷക്കണക്കിന് മനുഷ്യരുടെ പലായനത്തിനും കൊലയ്ക്കും കാരണമായി. അതേസമയം കേരളത്തിൽ നിന്നും യുവാക്കൾ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിലേക്ക് മെച്ചപ്പെട്ട ജോലിയും ജീവിതവും തേടി യാത്രയായി. അക്കൂട്ടത്തിലൊരാളായിരുന്നു പി തങ്കപ്പൻ നായർ (91). 1950 മുതൽ ആറ് പതിറ്റാണ്ടോളം കൊൽക്കത്തയുടെ ജീവസ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ അദ്ദേഹം കൊൽക്കത്തയിലെ “നഗ്നപാദ ചരിത്രകാരൻ” എന്നാണ് അറിയപ്പെടുന്നത്. ഗവേഷകനും ചരിത്രകാരനും എഴുത്തുകാരനുമായ ചേന്ദമംഗലം മഠത്തിപറമ്പിൽ പരമേശ്വരൻ തങ്കപ്പൻ നായർ എന്ന പി ടി നായർ, ഇന്നലെ (18.6.2024) കൊച്ചിയിൽ അന്തരിച്ചു.

തങ്കപ്പൻ നായരിൽ നിന്ന് ‘നഗ്നപാദ ചരിത്രകാര’നിലേക്കുള്ള ദൂരം

സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിന്നും മഹാനഗരങ്ങളിലേക്ക് പുതിയ ജീവിതം തേടിപ്പോയ യുവാക്കളുടെ ആദ്യ വണ്ടിയിൽ 22 കാരനായ തങ്കപ്പൻ നായരുമുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ മഞ്ഞപ്ര ഗ്രാമത്തിലെ വീട്ടിൽ നിന്നും വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളുമടങ്ങിയ ഒരു ബാഗുമായി ഇറങ്ങിയ തങ്കപ്പൻ നായർ അന്നത്തെ കൽക്കട്ടയിലെ ഹൗറ റെയിൽവേ സ്റ്റേഷനിൽ മദ്രാസ് മെയിലിൽ വന്നിറങ്ങിയത് 1950 ൽ. രണ്ട് വർഷത്തോളം കേരളത്തിൽ നടത്തിയ ജോലി അന്വേഷണം പരാജയപ്പെട്ടപ്പോഴാണ് അദ്ദേഹം മഹാനഗരമായ കൽക്കട്ടയിലേക്കുള്ള വണ്ടിയിൽ കയറിയത്.

നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ടൈപ്പിസ്റ്റായി അദ്ദേഹം ആദ്യ ജോലി ആരംഭിച്ചു. പക്ഷേ. അക്ഷരങ്ങൾ അടിച്ച് കൂട്ടുന്ന പരിപാടി അദ്ദേഹത്തിന് വളരെ വേഗം മടുത്തു. 1911 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൽക്കട്ടയിൽ ഭൂതകാലം വിറങ്ങലിച്ച് നിന്ന ഉടുവഴികളിലൂടെ അലഞ്ഞ് നടന്നപ്പോൾ നഗരത്തിൻറെ പ്രൌഢമായ ചരിത്രത്തെ കുറിച്ചായിരുന്നു തങ്കപ്പൻ നായർ ചിന്തിച്ചിരുന്നത്. പിന്നാലെ ബംഗാളി ഭാഷ പോലും അറിയാത്ത തങ്കപ്പൻ നായർ നഗര ചരിത്രത്തെ കുറിച്ച് ലഭ്യമായ എല്ലാ പുസ്തകങ്ങളും തേടി വായന തുടങ്ങി. കൽക്കത്തയുടെ ഭൂതകാല ചരിത്രത്തെ അടയാളപ്പെടുത്തിയ 63 പുസ്തകങ്ങളായിരുന്നു ഒന്നിന് പുറകെ ഒന്നായി തങ്കപ്പൻ നായർ എഴുതിയത്.
ഇടയ്ക്ക് കുറച്ച് കാലം അദ്ദേഹം ഗുവാഹത്തിയിലും മുംബൈയിലും ജോലി ചെയ്തെങ്കിലും കൽക്കത്ത ഉപേക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഓരോ യാത്രയും അദ്ദേഹത്തെ തിരികെ കൽക്കത്തയിലേക്ക് തന്നെ എത്തിച്ചു. നഗരത്തിലെ ആദ്യ കാലം മുഴുവനും അദ്ദേഹം ചരിത്രം തേടി അലയുകയായിരുന്നു. 1976 മുതൽ ഭവാനിപൂരിലെ കൻസരിപാറ റോഡിലെ രണ്ട് മുറി വാടക വീട്ടിലേക്ക് അദ്ദേഹം താമസം മാറി. ഏതാണ്ട് നാല് പതിറ്റാണ്ടോളം അദ്ദേഹം ആ രണ്ട് മുറി വീട്ടിലെ അസൌകര്യത്തിലിരുന്ന് കൽക്കത്തയുടെ ഭൂതകാലം തേടി. കണ്ടെത്തിയ ചരിത്രം പുസ്തകങ്ങളിലൂടെ പുതിയ തലമുറയ്ക്കായി പകർന്നു.

നീണ്ട ആറ് പതിറ്റാണ്ടിനൊടുവിൽ 2018 ൽ 86 കാരനായ അദ്ദേഹം തൻറെ ചരിത്ര ദൌത്യം അവസാനിപ്പിച്ച് കേരളത്തിലേക്ക് തന്നെ മടങ്ങി. കൽക്കത്തയുടെ നഗര ചരിത്രത്തിൻറെ മുക്കും മൂലയും അടയാളപ്പെടുത്തിയ 63 ഗ്രന്ഥങ്ങൾ. അതിൽ നഗരത്തിലെ വഴികളുടെ ചരിത്രം മുതൽ പോലീസ് സേനയുടെ ചരിത്രം വരെ ഉൾപ്പെടുന്നു. 1977 ൽ തങ്കപ്പൻ നായരെഴുതിയ ‘ജോബ് ചാർണോക് ഫൌണ്ടർ ഓഫ് കൽക്കട്ട’ എന്ന പുസ്തകത്തിന് ലഭിച്ച പ്രചാരം 1990 ൽ, അപ്പോഴേക്കും പുതിയ പേരിൽ (കൊൽക്കത്ത) അറിയപ്പെട്ട നഗരത്തിൻറെ നൂറാം വർഷികാഘോത്തിന് കാരണമായി. കാവിമുണ്ടും ഉടുത്ത് കാൽനടയായി തെരുവിൽ നിന്നും തെരുവിലേക്ക് നഗര ചരിത്രം തേടി നടന്ന് പോയ ആ മലയാളിയെ ബംഗാളി, ഒരിക്കലും ഒരു കുടിയേറ്റക്കാരനായി കണ്ടിരുന്നില്ലെന്നത് മറ്റൊരു ചരിത്രം. നഗര ചരിത്രം തേടിയുള്ള അദ്ദേഹത്തിൻറെ പതിറ്റാണ്ടുകൾ നീണ്ട നടത്തം തന്നെയാണ് ‘നഗ്നപാദ ചരിത്രകാരൻ’ എന്ന ബഹുമതി അദ്ദേഹത്തിന് സമ്മാനിച്ചതും. എറണാകുളം എളന്തിക്കര ഹൈസ്കൂൾ റിട്ട അധ്യാപിക സീതാദേവിയാണ് ഭാര്യ, മായ നായർ, മനോജ് നായർ എന്നിവർ മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *