Your Image Description Your Image Description
Your Image Alt Text

കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. പദ്ധതി ആരംഭിച്ച 2022 ഏപ്രിൽ ഒന്നു മുതൽ 2023 ഡിസംബർ 29 വരെ  2,01,518 സംരംഭങ്ങൾ സംസ്ഥാനത്ത് പുതുതായി ആരംഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

12,537 കോടി രൂപയുടെ നിക്ഷേപവും 4,30,089 തൊഴിലുമാണ് പദ്ധതിയുടെ ഭാഗമായി ഉണ്ടായത്.  പുതുതായി ആരംഭിച്ച സംരംഭങ്ങളിൽ മൂന്നിലൊന്നും (64,127) വനിതാ സംരംഭകരുടേതാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംരംഭകരുടെ 8,752 സംരംഭങ്ങളും ഇതിൽ ഉൾപ്പെടുന്നു.  2022 -23ൽ ആവിഷ്‌കരിച്ച പദ്ധതി സംരംഭക വർഷം 2.0 എന്ന പേരിലാണ് ഈ സാമ്പത്തിക വർഷം തുടർന്നത്.  ഇതിന്റെ ഭാഗമായി 2023 ഏപ്രിൽ ഒന്നു മുതൽ ഇതുവരെ 61,678 പുതിയ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു. 4115 കോടി രൂപയുടെ നിക്ഷേപവും 1,30,038  തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു.

ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട ആദ്യ വർഷം (2022-23) മാത്രം 1,39,817 സംരംഭങ്ങളാണ് നിലവിൽ വന്നത്. 8422 കോടി രൂപയുടെ നിക്ഷേപവും 3,00,051 തൊഴിലും ആദ്യ വർഷം ഉണ്ടായി.

സംരംഭകർക്കാവശ്യമായ സഹായങ്ങൾ നല്കുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 1153 പ്രൊഫഷണലുകളെയാണ് നിയമിച്ചത്. സംസ്ഥാനത്തെ 1034 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തിങ്കൾബുധൻ ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കുകൾ സ്ഥാപിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സംരംഭങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും അവയുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നതിനും ഒരു ഓൺലൈൻ പോർട്ടൽ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. 

വ്യവസായ വകുപ്പിനു കീഴിലെ 59 താലൂക്ക് വ്യവസായ കേന്ദ്രങ്ങളെയും എന്റർപ്രൈസ് ഫെസിലിറ്റേഷൻ സെന്ററുകളായി മാറ്റി. എല്ലാ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും നാല് ശതമാനം പലിശയ്ക്ക് വായ്പ നൽകുവാൻ സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുമായി ചേർന്ന് കേരള എന്റർപ്രൈസസ് ലോൺ (KELS) അവതരിപ്പിച്ചു. എല്ലാ ജില്ലകളിലും എം എസ് എം ഇ ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചു.

സംരംഭക വർഷത്തിന്റെ ഭാഗമായി പുതിയ സംരംഭങ്ങളെ വിപുലപ്പെടുത്താൻ കൂടുതൽ പദ്ധതികൾക്ക് വ്യവസായ വകുപ്പ് രൂപം നൽകിയിട്ടുണ്ട്.   കേരളത്തിലെ എം.എസ്.എം.ഇ കളിൽ നിന്നും തിരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവ് ഉള്ള യൂണിറ്റുകളായി നാല് വർഷത്തിനുള്ളിൽ ഉയർത്താനുള്ള മിഷൻ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *