Your Image Description Your Image Description

 

തിരുവനന്തപുരം: രാഹുൽ ​ഗാന്ധിക്ക് പിന്നാലെ മോദിയെ ട്രോളി കോൺ​ഗ്രസ് കേരളാ ഘടകം. ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപാപ്പയും കൂടിക്കാഴ്‌ച നടത്തിയതിൻ്റെ ചിത്രം എക്സിൽ പങ്കുവച്ചുകൊണ്ടായിരുന്നു പരിഹാസം.

തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ മുൻ പരാമർശത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു കോൺഗ്രസ് ചിത്രം പങ്കുവെച്ചത്. “ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു!” എന്ന അടികുറിപ്പോടെയാണ് ചിത്രം എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

താൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടയാളാണെന്ന മോദിയുടെ പരാമർശം വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. ‘ദൈവം എന്നെ അയച്ചത് ഒരു ലക്ഷ്യത്തിനാണെന്ന് എനിക്ക് ബോധ്യമുണ്ട്, ആ ഉദ്ദേശ്യം പൂർത്തിയാകുമ്പോൾ എൻ്റെ ജോലി പൂർത്തിയാകും. അതുകൊണ്ടാണ് ഞാൻ എന്നെ പൂർണ്ണമായും ദൈവത്തിന് സമർപ്പിച്ചത്.’ തന്നെ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് ദൈവമാണെന്നും മോദി പറഞ്ഞിരുന്നു.

മോദിയുടെ പരാമർശത്തിനെതിരേ വിവിധ കോണുകളിൽനിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും മോദിയെ രൂക്ഷമായി പരിഹസിച്ചിരുന്നു. ‘പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നത് ദൈവമാണ്. എനിക്ക് അങ്ങനെയല്ല. താനൊരു സാധാരണ മനുഷ്യനാണ്. താൻ ജൈവികമായി ഉണ്ടായ ആളല്ലെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഒരു തീരുമാനവും താൻ എടുക്കില്ലെന്നും തന്നെ ഭൂമിയിലേക്ക് അയച്ച പരമാത്മാവ് തീരുമാനമെടുക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ, അദാനിയുടെയും അംബാനിയുടെയും തീരുമാനങ്ങളാണ് ഈ വിചിത്രമായ പരമാത്മാവ് എടുത്തത്. പരമാത്മാവ് പറഞ്ഞതനുസരിച്ച് ആദ്യം എയർപോർട്ടുകളും പിന്നീട് വൈദ്യുതി നിലയങ്ങളും അദാനിക്കും അംബാനിക്കും കൊടുത്തു,’ വയനാട് സന്ദർശന വേളയിൽ രാഹുൽ ​ഗാന്ധി പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *