Your Image Description Your Image Description

 

കണ്ണൂർ: വടകരയിൽ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻഎംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ ലതിക. വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലടക്കം ലതിക ലോക്ക് ചെയ്തിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫേസ്ബുക്ക് കുറിപ്പായിരുന്നു ഇത്. ഒന്നരമാസത്തിലേറെയായി ഈ കുറിപ്പ് കെകെ ലതികയുടെ പ്രൊഫൈലിലുണ്ടായിരുന്നു.

വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ യൂത്ത് ലീഗ് പ്രവർത്തകനെതിരെ തെളിവില്ലെന്ന് ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയതോടെ സിപിഎമ്മിനെതിരെ യുഡിഎഫ് ആക്രമണം ശക്തമാക്കിയിരുന്നു. സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിപ്പിച്ച കുറ്റ്യാടി മുൻ എംഎൽഎ കെകെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ലതികയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ വിവാദ സ്ക്രീൻ ഷോട്ട് തുടരുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ഈ ആവശ്യം. അതേസമയം പൊലീസ് റിപ്പോർട്ടിനെക്കുറിച്ച് സിപിഎം പ്രതികരിച്ചില്ല.

വിവാദങ്ങൾ നിറഞ്ഞു നിന്ന വടകരയിലെ തരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ അവസാന നിമിഷം വന്നുവീണ ബോംബായിരുന്നു കാഫിർ സ്ക്രീൻ ഷോട്ട് വിവാദം. ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ മുസ്ലിമായും കെകെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുളള സ്ക്രീൻ ഷോട്ട് യൂത്ത് ലീഗ് പ്രവർത്തകൻ കാസിമിൻറെ പേരിലാണ് പുറത്തിറങ്ങിയതെങ്കിലും ഇതുവരെയുളള അന്വേഷണത്തിൽ കാസിമിനെതിരെ യാതൊരു തെളിവും കിട്ടിയിട്ടില്ലെന്നാണ് വടകര പൊലീസ് ഇന്നലെ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്.

മാത്രമല്ല, ഈ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച അമ്പാടി മുക്ക് സഖാക്കൾ, പോരാളി ഷാജി തുടങ്ങിയ സമൂഹ മാധ്യമ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചിരുന്നു. കെകെ ലതികയുടെ മൊഴി എടുത്തതായും ഫോൺ പരിശോധിച്ചതായും പൊലീസ് റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ലതികയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തിയത്. പോരാളി ഷാജിയെന്ന ഫെയ്സ് ബുക്ക് പേജിൽ ഇപ്പോഴും വിവാദ സ്ക്രീൻ ഷോട്ട് ഉണ്ടെന്നും അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്ന മറ്റൊരു കാര്യം.

എന്നാൽ കെകെ ലതികയുടെ ഫെയ്സ് ബുക്കിൽ ഇപ്പോഴും ഇതേ പോസ്റ്റ് ഉണ്ടായിട്ടും ഇക്കാര്യം പൊലീസ് അറിഞ്ഞ മട്ടില്ല. മാത്രമല്ല, കാഫിർ സ്ക്രീൻ ഷോട്ടിൽ എൽഡിഎഫിൻറെയും യുഡിഎഫിൻറെയും പരാതിയിൽ കേസുകൾ എടുത്തിട്ടുണ്ടെങ്കിലും എൽഡിഎഫ് പരാതിയിലെടുത്ത കേസിനോടാണ് പൊലീസിന് താൽപര്യമെന്നും യുഡിഎഫ് ആരോപിക്കുന്നു. സിപിഎം നേതാവ് സിഭാസ്കരൻറെ പരാതിയിലെടുത്ത കേസിലാണ് യൂത്ത് ലീഗ് പ്രവർത്തകൻ കാസിനെ പ്രതിയാക്കിയത്.

കേസിനാവശ്യവമായ വിവരങ്ങൾ നൽകാത്തതിനെത്തുടർന്ന് ഫെയ്സ് ബുക്കിൻറെ നോഡൽ ഓഫീസറെ പ്രതിയാക്കിയതും ഇതേ കേസിലാണ്. മാത്രമല്ല, ജാമ്യമില്ലാ കുറ്റ ചുത്തിയായിരുന്നു കാസിമിനെതിരെ കേസ് എടുത്തത്. എന്നാൽ യുഡിഎഫ് നൽകിയ പരാതിയിൽ ഇതുവരെയും പ്രതികളായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. ഇതടക്കമുളള കാര്യങ്ങൾ ഹൈക്കോടതിയിൽ ശ്രദ്ധയിൽ കൊണ്ടുവരാനാണ് യുഡിഎഫ് നീക്കം. ഈ മാസം 28 നാണ് കേേസ് കോടതി വീണ്ടും പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *