Your Image Description Your Image Description

 

എടത്വാ: ആൾ താമസമില്ലാത്ത വീട്ടിലെ അലമാര കുത്തി തുറന്ന് നാലു പവൻ സ്വർണ്ണം കവർന്നു. തലവടി ആനപ്രമ്പാൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിലും സമീപത്തെ ആൾ താമസമില്ലാത്ത വീട്ടിലുമാണ് മോഷണവും മോഷണ ശ്രമവും നടന്നത്. വീടിന്റെ പ്രധാന വാതിൽ അരകല്ലിന്റെ കുഴവി ഉപയോഗിച്ച് ഇടിച്ച് തുറന്ന അകത്തു കടന്ന മോഷ്ടാവ് അലമാര കുത്തി തുറന്നാണ് നാലു പവൻ സ്വർണ്ണം കവർന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടുകാർ മറ്റൊരിടത്താണ് താമസിക്കുന്നത്. മോഷണം നടന്ന തലേദിവസം വീട്ടുകാർ വീട് വൃത്തിയാക്കിയ ശേഷം പോയതാണ്.

ഇവാഞ്ചലിക്കൽ പള്ളിയുടെ പ്രധാന വാതിലിന്റെ പൂട്ട് തല്ലി തുറന്ന് അകത്തു കടന്ന മോഷ്ടാവ് മേശയും അലമാരയും കുത്തിതുറന്നിട്ട നിലയിലാണ്. പള്ളിയിൽ പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ സൂക്ഷിക്കാത്തതിനാൽ മോഷണം പോയിട്ടില്ല. പള്ളി അധിക്യതരും വീട്ടുകാരും എടത്വാ പോലീസിൽ പരാതി നൽകി. ആലപ്പുഴയിൽ നിന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വോഡും സംഭസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. പോലീസ് നായ പള്ളിക്ക് മുൻപിലെ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലൂടെ 500 മീറ്ററോളം ഓടിയ ശേഷം ഇടവഴിയിലൂടെ പട്ടരുപറമ്പ് പുരയിടത്തിൽ ചെന്നുനിന്നു.

മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ആനപ്രമ്പാൽ തെക്ക് നിത്യസഹായ മാതാ മലങ്കര കാത്തലിക് ചാപ്പലിലും കുരിശ്ശടിയിലും മോഷണം നടത്തിയത്. കുരിശ്ശടിയിലെ മാതാവിന്റെ തിരുരൂപത്തിലും ചാപ്പലിനുള്ളിലെ ബക്കറ്റിലും സൂക്ഷിച്ചിരുന്ന നോട്ടുമാലകൾ മോഷണം പോയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിന് പിന്നാലെയാണ് തലവടി കേന്ദ്രീകരിച്ച് വീണ്ടും മോഷണവും മോഷണ ശ്രമവും നടന്നത്. എടത്വാ സി.ഐ മിഥുൻ എസ്. ഐ സജികുമാർ, വിരലടയാള വിദഗ്ദൻ അപ്പുക്കുട്ടൻ എന്നിവർ അന്വഷണത്തിന് നേത്യത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *