Your Image Description Your Image Description

 

മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളിൽ സ്വിറ്റ്സർലൻഡിന് വിജയത്തുടക്കം. ഹംഗറിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വിറ്റ്സർലൻഡ് വീഴ്ത്തിയത്. ആദ്യ പകുതിയിൽ ക്വാഡോ ദുവയും മൈക്കൽ ഐബിഷറും നേടിയ ഗോളിൽ മുന്നിലെത്തിയ സ്വിറ്റ്സർലൻഡിനെതിരെ രണ്ടാം പകുതിയിൽ ബാർനബാസ് വാർഗയുടെ ഗോളിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും പിന്നീട് സ്വിസ് പ്രതിരോധം തകർക്കാൻ ഹംഗറിക്കായില്ല. എന്നാൽ രണ്ടാം പകുതിയിൽ സമനില ഗോളിനായി ഹംഗറി കിണഞ്ഞു ശ്രമിക്കുന്നതിനിടെ ഇഞ്ചുറി ടൈമിൽ ബ്രീൻ എംബോളോ ഹംഗറി വലയിൽ ഒരിക്കൽ കൂടി പന്തെത്തിച്ച് സ്വിസ് വിജയം പൂർത്തിയാക്കി.

പന്തടക്കത്തിലും പാസിംഗിലും ഒപ്പത്തിനൊപ്പം പിടിച്ച ഹംഗറിയെ ഫിനിഷിംഗ് മികവിലാണ് സ്വിസ് മറികടന്നത്. പന്ത്രണ്ടാം മിനിറ്റിൽ നീട്ടിക്കിട്ടിയ ത്രൂ പാസിൽ അരങ്ങേറ്റ താരം ക്വാഡോ ദുവ ഹംഗറി വലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതോടെ സ്വിസ് ആവേശം തണുത്തു. എന്നാൽ വാർ പരിശോധനയിൽ അത് ഓഫ് സൈഡല്ലെന്ന് വ്യക്തമായതോടെ സ്വിസിന് ഗോൾ അനുവദിച്ചു. ഒരു ഗോളിന് മുന്നിലെത്തിയശേഷവും ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച സ്വിറ്റ്സർലൻഡ് ഹംഗറി പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി.

ആദ്യ പകുതിയുടെ 40-ാം മിനിറ്റിൽ സമനില ഗോളിന് ലഭിച്ച സുവർണാവസരം ഹംഗറിക്ക് നഷ്ടമായി. ബോക്സിന് പുറത്തു നിന്ന് സോബോസ്ലായ് തൊടുത്ത ഫ്രീ കിക്കിൽ ഒർബാൻ തൊടുത്ത ഹെഡ്ഡർ നേരെ ചെന്നത് സ്വിസ് ഗോൾകീപ്പർ സോമറുടെ നേർക്കായത് സ്വിസിന് ഭാഗ്യമായി. ആദ്യ പകുതി തീരും മുമ്പ് മൈക്കൽ ഐബിഷർ 20വാര അകലെ നിന്ന് തൊടുത്ത ഗോളിലൂടെ സ്വിസ് വീണ്ടും ലീഡുയർത്തി. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിലായ ഹംഗറി രണ്ടാം പകുതിയിൽ കൂടുതൽ ആസൂത്രിതമായാണ് ഗ്രൗണ്ടിലിറങ്ങിയത്. അതിൻറെ ഫലം അവർക്ക് വൈകാതെ കിട്ടുകയും ചെയ്തു. 66-ാം മിനിറ്റിൽ ബാർനബാസ് വാർഗയുടെ ഹംഗറി ഒരു ഗോൾ മടക്കി സ്വിസിനെ പ്രതിരോധത്തിലാക്കി.

ഒരു ഗോൾ വീണതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ സ്വിറ്റ്സർലൻഡിനെതിരെ ഹംഗറി സമനില ഗോളിനായി ശ്രമിച്ചെങ്കിലും പ്രതിരോധപ്പൂട്ട് തകർക്കാനായില്ല. ഒടുവിൽ പ്രതിരോധം മറന്ന് സമനില ഗോളിനായുള്ള ശ്രമം ഇഞ്ചുറി ടൈമിലെ കൗണ്ടർ അറ്റാക്കിലൂടെ ഗോൾ നേടി സ്വിറ്റ്സർലൻഡ് പൊളിച്ചതോടെ ഹംഗറിയുടെ പതനം പൂർത്തിയായി. കാലിൽ നിന്ന് ബൂട്ട് ഊരി തെറിച്ചെങ്കിലും 93-ാം മിനിറ്റിൽ ബ്രീൽ എംബോളോയുടെ ലോഫ്ഫറ്റഡ് കിക്ക് ഹംഗറി വലയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *