Your Image Description Your Image Description

 

ഫ്ലോറിഡ: ടി20 ലോകകപ്പിലെ ഇന്ത്യ-കാനഡ മത്സരത്തിൻറെ ടോസ് മോശം കാലാവസ്ഥമൂലം വൈകുന്നു. എട്ട് മണിക്ക് തുടങ്ങേണ്ട മത്സരത്തിന് 7.30ന് ടോസിടേണ്ടതായിരുന്നെങ്കിലും നനഞ്ഞ ഔട്ട് ഫീൽഡും മൂടിക്കെട്ടിയ അന്തരീക്ഷവും കാരണം ഇതുവരെ ടോസ് സാധ്യമായിട്ടില്ല. ഔട്ട് ഫീൽഡ് ഉണക്കാനായി ഗ്രൗണ്ട് സ്റ്റാഫ് കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ഏത് സമയത്തും മഴ തിരിച്ചെത്താമെന്നതിനാൽ മത്സരം നടത്താനാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.

ഇന്നലെ ഇതേവേദിയിൽ നടക്കേണ്ടിയിരുന്ന അമേരിക്ക-അയർലൻഡ് മത്സരം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. ഇതോടെ പാകിസ്ഥാൻ സൂപ്പർ എട്ടിലെത്താതെ പുറത്താവുകയും ചെയ്തു. ഇന്ത്യ നേരത്തെ സൂപ്പർ എട്ടിലെത്തുകയും കാനഡ സൂപ്പർ 8 കാണാതെ പുറത്താവുകയും ചെയ്തതിനാൽ ഇന്നത്തെ മത്സരഫലം അപ്രധാനമാണ്.

അഞ്ചോവർ വിതമുള്ള മത്സരമെങ്കിലും സാധ്യമാവില്ലെങ്കിൽ മത്സരം പൂർണമായും ഉപേക്ഷിക്കും. സൂപ്പർ 8 ഉറപ്പിച്ചതിനാൽ ടീമിൽ ഇതുവരെ അഴസരം കിട്ടാത്ത താരങ്ങൾക്ക് ഇന്ത്യ അവസരം നൽകുമോ എന്നായിരുന്നു ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ എന്നിവർക്കാണ് ഇതുവരെ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കാത്തത്.

സൂപ്പർ എട്ടിന് മുമ്പ് ബെഞ്ച് സ്ട്രെങ്ത് പരീക്ഷിക്കാനുള്ള സുവർണാവസരം കൂടിയാണ് ഇന്ത്യക്കിന്ന്. ന്യൂയോർക്കിലെ മത്സര സാഹചര്യങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഫ്ലോറിഡയിലേത്. ബാറ്റിംഗിന് അനുകൂലമായ ഫ്ലോറിഡയിലെ പിച്ചിൽ 150 റൺസിന് മുകളിൽ ശരാശരി സ്കോർ പിറന്നിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും 1, 4, 0 എന്നിങ്ങനെ ചെറിയ സ്കോറുകൾക്ക് പുറത്തായ വിരാട് കോലിക്ക് സൂപ്പർ 8ന് മുമ്പ് ഫോം വീണ്ടെടുക്കാനുള്ള അവസരം കൂടിയാണിന്ന്.

Leave a Reply

Your email address will not be published. Required fields are marked *