Your Image Description Your Image Description

 

 

ന്യൂയോർക്ക്: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ട്രാവലിംഗ് റിസർവായ ശുഭ്മാൻ ഗില്ലിനെയും ആവേശ് ഖാനെയും ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞാൽ നാട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ചത് അച്ചടക്ക നടപടിയുടെ ഭാഗമായല്ലെന്ന് വിശദീകരണം. ഇന്നലെയാണ് ഗില്ലിനെയും ആവേശ് ഖാനെയും കാനഡക്കെതിരായ ഗ്രൂപ്പ് മത്സരത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും റിങ്കു സിംഗും ഖലീൽ അഹമ്മദും ട്രാവലിംഗ് റിസർവായി ടീമിനൊപ്പം തുടരുമെന്ന വാർത്തകൾ പുറത്തുവന്നത്.

ടീമിലെ ആർക്കും പരിക്കില്ലാത്തതിനാലും പ്ലേയിംഗ് ഇലവനിൽ വലിയ പരീക്ഷണത്തിന് സാധ്യതയില്ലാത്തതിനാലും ആവശ്യമെങ്കിൽ ഗ്രൂപ്പ് 8 പോരാട്ടങ്ങൾക്ക് വേദിയാവുന്ന വെസ്റ്റ് ഇൻഡീസിലേക്ക് ഇവരെ തിരിച്ചുവിളിക്കാനാവുമെന്നതും കണക്കിലെടുത്താണ് തീരുമാനമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പിന്നാലെ ഗില്ലിനെയും ആവേശിനെയും തിരിച്ചയക്കുന്നത് അച്ചടക്ക നടപടിയുടെ ഭായമായാണെന്ന റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങളിൽ വന്നിരുന്നു. ടീമിനൊപ്പം യാത്ര ചെയ്യുന്ന ട്രാവലിംഗ് റിസർവ് താരമാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ കാണാനോ ടീമിനൊപ്പം സമയം ചെലവിടാനോ ഗില്ലിന് താൽപര്യമില്ലെന്നും അമേരിക്കയിൽ വ്യക്തിഗത കാര്യങ്ങൾക്കും ബിസിനസ് കാര്യങ്ങൾക്കുമായാണ് ഗിൽ സമയം ചെലവാക്കുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു.

ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണാൻ ട്രാവലിംഗ് റിസർവുകളായ റിങ്കു സിംഗും ആവേശ് ഖാനും ഖലീൽ അഹമ്മദും സ്റ്റേഡിയത്തിലുണ്ടായിരുന്നെങ്കിലും ഗില്ലിൻറെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാണ് ഗില്ലിനെ തിരിച്ചയക്കാൻ കാരണമെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ അച്ചടക്ക നടപടിയുടെ ഭാഗമായല്ല ഗില്ലിനെ തിരിച്ചയക്കുന്നതെന്ന് ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

എന്നാൽ ഇതിനിടെ ഇൻസ്റ്റഗ്രാമിൽ ക്യാപ്റ്റൻ രോഹിത് ശർമയെ ഗിൽ ഫോളോ ചെയ്യുന്നില്ലെന്നും ആരാധകർ കണ്ടെത്തിയിട്ടുണ്ട്. വിരാട് കോലിയെ ഫോളോ ചെയ്യുന്ന ഗിൽ എന്തുകൊണ്ട് രോഹിത്തിനെ പിന്തുടരുന്നില്ലെന്നും ഇരുവരും തമ്മിലുള്ള ബന്ധം മോശമായതിന് തെളിവാണിതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. കാനഡക്കെതിരായ മത്സരത്തിനുശേഷം വെസ്റ്റ് ഇൻഡീസിലേക്ക് പോകുന്ന ഇന്ത്യൻ ടീം അതിന് മുന്നോടിയായാണ ഗില്ലിനെയും ആവേശിനെയും തിരിച്ചയത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *