Your Image Description Your Image Description

ഈദുൽ അദ്ഹ എന്ന ഈ ആഘോഷം ഇന്ത്യയിൽ ബക്രീദ് അഥവാ ബലി പെരുന്നാൾ, വലിയ പെരുന്നാൾ എന്നൊക്കെയാണ് അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള ഇസ്ലാം ജനത ഏറെ പ്രാധാന്യത്തോടെയും ആത്മീയനിഷ്ഠയോടും കൂടിയാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്.

പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മാഇൽ-നെ അല്ലാഹുവിന്റെ കല്പന മാനിച്ച് അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് പെരുന്നാളിന് ‘ബലി പെരുന്നാൾ’ എന്ന് പേരു വന്നത്. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാൾ എന്നാണ് ഇസ്ലാമിക വിശ്വാസം. ഇതിന്റെ പ്രതീകമായി മുസ്ലിം മത വിശ്വാസികൾ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗങ്ങളെ ബലി നടത്താറുണ്ട്.

‘അദ്ഹ’ എന്ന അറബി വാക്കിന്റെ അർത്ഥം ‘ബലി’ എന്നാണ്. ഈദുൽ അദ്ഹ എന്നാൽ ബലിപെരുന്നാൾ. വലിയ പെരുന്നാൾ എന്ന വാക്ക് ബലി പെരുന്നാൾ എന്ന പദത്തിൽ നിന്നും പിന്നീട് ഉണ്ടായതാണ്. യഥാർത്ഥത്തിൽ അത് ശരിയായ പ്രയോഗമല്ല.

ബക്രീദ് എന്ന വാക്ക് പിൽക്കാലത്താണ് പ്രചാരത്തിലായത്. ബക്കരി, ഈദ് ഈ രണ്ട് വാക്കിൽ നിന്നാണ് ബക്രീദ് ഉണ്ടായത്. ‘ബക്കരി’ എന്നാൽ ആട് എന്നർത്ഥം. എന്നാൽ ‘അൽ ബക്ര’ എന്നാൽ മൃഗം എന്നാണ്. മൃഗത്തിനെ ബലി കൊടുത്തു എന്ന അർത്ഥത്തിൽ ബക്ര ഈദ് പിന്നീട് ബക്രീദ് ആയി.

Leave a Reply

Your email address will not be published. Required fields are marked *