Your Image Description Your Image Description

 

ചെന്നൈ: ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ക്ലൗഡ്, ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ് മേഖലയിൽ തമിഴ്നാട്ടിലെ 200,000 വിദ്യാർഥികൾക്ക് പരിശീലനം നൽകാൻ ഐടി ഭീമൻമാരായ ഒറാക്കിൾ. ഒറാക്കിളും തമിഴ്നാട് സ്‌കിൽ ഡവലപ്‌മെൻറ് കോർപ്പറേഷനും ചേർന്നാണ് പരിശീലന പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. ഐടി രംഗത്തെ ആധുനിക സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾക്ക് വിദഗ്ധ പരിശീലനം നൽകുകയും തൊഴിലിന് സജ്ജരാക്കുകയുമാണ് ഇതിൻറെ ലക്ഷ്യം.

ഭാവി ടെക് ലോകത്ത് കരുത്തരായ യുവ ഉദ്യോഗാർഥികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ വമ്പൻ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് ഒറാക്കിൾ. ക്ലൗഡ്, ഡാറ്റ സയൻസ്, എഐ തുടങ്ങിയ പുത്തൻ സാങ്കേതികരംഗങ്ങളിൽ തമിഴ്നാട്ടിലെ രണ്ട് ലക്ഷം വിദ്യാർഥികൾക്ക് തൊഴിലധിഷ്‌ഠിത പരിശീലനം നൽകാനാണ് ഒറാക്കിളിൻറെ ശ്രമം. ഒറാക്കിൾ തമിഴ്നാട് സ്‌കിൽ ഡവലപ്‌മെൻറ് കോർപ്പറേഷനുമായി സഹകരിച്ച് വിദ്യാർഥികൾക്ക് തൊഴിലധിഷ്‌ഠിത പരിശീലനം നൽകാൻ തയ്യാറായിക്കഴിഞ്ഞു. ‘നാൻ മുതൽവൻ’ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ക്യാംപസുകളിൽ പ്രത്യേക പാഠ്യപദ്ധതി അനുസരിച്ച് ഒറാക്കിൾ മൈലേൺ പോലുള്ള ഒറാക്കിളിൻറെ തന്നെ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചും വിദഗ്ധ ട്രെയിനർമാർ മുഖേനയും വിദ്യാർഥികൾക്ക് പരിശീലനം നൽകും.

വിദ്യാർഥികൾക്ക് ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ, മെഷീൻ ലേണിംഗ് (എംഐ), ഡാറ്റ സയൻസ്, ബ്ലോക്ക് ചെയിൻ എന്നിവയിൽ അടിസ്ഥാന പരിശീലനം നൽകുകയാണ് പദ്ധതിയിലൂടെ തമിഴ്‌നാടും ഒറാക്കിളും ലക്ഷ്യമിടുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഒറാക്കിൾ സർട്ടിഫിക്കറ്റുകൾ നൽകും. ഇത് തൊഴിൽ മേഖലകളിൽ ഉപയോഗിക്കാൻ കഴിയും. തമിഴ്നാട്ടിലെ 900ത്തിലേറെ കോളേജുകളിലെ 60,000ത്തിലേറെ വിദ്യാർഥികൾ ഒറാക്കിളിൻറെ പരിശീലനത്തിനായി രജിസ്റ്റർ ചെയ്തുകഴിഞ്ഞു. എഞ്ചിനീയറിംഗ്, സയൻസ്, ആർട്‌സ് വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾ ഇവരിലുണ്ട്. കമ്പ്യൂട്ടർ ഹാർഡ്‌വെയറിൻറെയും സോഫ്റ്റ്‌വെയൻറെയും രൂപകല്പനയും നിർമാണവും വിതരണവും നടത്തുന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയാണ് ഒറാക്കിൾ.

Leave a Reply

Your email address will not be published. Required fields are marked *