Your Image Description Your Image Description

 

 

തിരുവനന്തപുരം: മീൻ പിടിത്തം കഴിഞ്ഞ് മടങ്ങി വന്ന ശേഷം കടലിൽ നങ്കൂരമിട്ട വള്ളത്തിൽ മറന്ന് വച്ച മൊബൈൽ ഫോൺ എടുക്കാൻ വള്ളത്തിലേക്ക് നീന്തിയെത്താൻ ശ്രമിച്ച മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. പുല്ലുവിള കൊച്ചുപള്ളി പണിക്കത്തിവിളാകത്ത് ശബരിയപ്പന്റെയും ലില്ലിക്കുട്ടിയുടെയും മകൻ ഷാജി (39) ആണ് മരിച്ചത്. ഇന്നലെ രാവിലെ വിഴിഞ്ഞം തുറമുഖത്തായിരുന്നു സംഭവം.

ബുധനാഴ്ച വൈകുന്നേരം വിഴിഞ്ഞം തുറമുഖത്ത് നിന്ന് മീൻ പിടിക്കാൻ പുറപ്പെട്ട ഷാജിയും വള്ളത്തിന്റെ ഉടമസ്ഥനായ ജോസും ഇന്നലെ പുലർച്ചെ അഞ്ചോടെ മീൻ പിടിത്തം കഴിഞ്ഞ് മടങ്ങിയെത്തി. വള്ളം കടലിൽ നങ്കൂരമിട്ട് നിർത്തിയ ശേഷം ഇരുവരും വീട്ടിലേക്ക് തിരിച്ചു. ഇതിനിടയിലാണ് വള്ളത്തിൽ ഫോൺ മറന്ന് വച്ചതായി ഷാജിക്ക് മനസിലായത്. രാവിലെ പത്തോടെ വീണ്ടും വിഴിഞ്ഞത്ത് എത്തി. നങ്കൂരമിട്ട വള്ളത്തിൽ കയറാൻ കടലിൽ ഇറങ്ങി നീന്തിയ ഷാജി തിരികെയെത്തിയില്ല.

മത്സ്യബന്ധന സീസൺ ആരംഭിച്ച വിഴിഞ്ഞത്ത് നൂറ് കണക്കിന് വള്ളങ്ങൾ നിരത്തിയിട്ടിരുന്നതിനാൽ ഇയാൾ കടലിൽ മുങ്ങിയ വിവരം ആദ്യമാരുമറിഞ്ഞതുമില്ല. ഉച്ച വരെയും ഇയാളെ കാണാതെ വന്നതോടെയാണ് ബന്ധുക്കൾ തീരദേശ പൊലീസിനെ വിവരമറിയിച്ചതും തിരച്ചിൽ ആരംഭിച്ചതും. മുങ്ങൽ വിദഗ്ദരുടെ സഹായത്തോടെ തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിൽ ഫോൺ മറന്നു വച്ച വള്ളത്തിന് സമീപത്ത് നിന്ന് വൈകുന്നേരം മൃതദേഹം കണ്ടെടുത്തു. അവിവാഹിതനാണ്. അഞ്ച് സഹോദരിമാർ ഉണ്ട്. വിഴിഞ്ഞം തീരദേശ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *