Your Image Description Your Image Description

 

ഫ്ലോറിഡ: ടി 20 ലോകകപ്പിൽ സൂപ്പർ 8 ഉറപ്പിച്ചതോടെ ട്രാവൽ റിസർവ് താരങ്ങളായ ശുഭ്മാൻ ഗില്ലിനെയും ആവേശ് ഖാനെയും നാട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ച് ഇന്ത്യൻ ടീം മാനേജ്മെൻറ്. ഗ്രൂപ്പിലെ ഇന്ത്യയുടെ അവസാന മത്സരം പൂർത്തിയായാൽ ഇരുവരും നാട്ടിലേക്ക് മടങ്ങും. 15 അംഗ ടീമിൽ ആർക്കും പരിക്കിൻറെ പ്രശ്നങ്ങളില്ലാത്തതിനാലാണ് ഇരു താരങ്ങളെയും തിരിച്ചയക്കുന്നതിന് കാരണം.

എന്നാൽ റിങ്കു സിങ്ങും ഖലീൽ അഹമ്മദും ടീമിനൊപ്പം വെസ്റ്റ് ഇൻഡീസിലും ട്രാവൽ റിസർവായി തുടരും. നാളെ കാനഡയ്ക്കെതിരെയാണ് ഇന്ത്യയുടെ അവസാന ലീഗ് മത്സരം. ലീഗ് മത്സരങ്ങൾ പൂർത്തിയായാൽ സൂപ്പർ 8 പോരാട്ടങ്ങൾക്കായി ഇന്ത്യ വെസ്റ്റ് ഇൻഡീസിലേക്ക് പോകും. സൂപ്പർ 8, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് വെസ്റ്റ് ഇൻഡീസാണ് വേദിയാവുന്നത്.

അടിയന്തര സാഹചര്യത്തിൽ ടീമിലെ ഏതെങ്കിലും താരങ്ങൾക്ക് പരിക്കേറ്റാൽ പകരം താരങ്ങളെ യുഎസിലെത്തിക്കുക ബുദ്ധിമുട്ടായതിനാലാണ് ഗില്ലും ആവേശും അമേരിക്കയിൽ ട്രാവലിംഗ് റിസർവായി തുടർന്നത്. എന്നാൽ സൂപ്പർ 8 മുതലുള്ള പോരാട്ടങ്ങൾ വെസ്റ്റ് ഇൻഡീസിലാണെന്നതിനാൽ ആവശ്യമെങ്കിൽ താരങ്ങളെ തിരിച്ചുവിളിക്കാൻ ബുദ്ധിമുട്ടില്ലാത്തതിനാലാണ് ഗില്ലിനെയും ആവേശിനെയും നാട്ടിലേക്ക് തിരിച്ചയക്കുന്നത് എന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്തു.

കാനഡക്കെതിരായ അവസാന ലീഗ് മത്സരത്തിനുശേഷം ഫ്ലോറിഡയിൽ നിന്ന് ഇന്ത്യൻ ടീം സൂപ്പർ 8 പോരാട്ടങ്ങൾക്കായി ബ്രിജ്‌ടൗണിലെ ബാർബഡോസിലേക്ക് പറക്കും. ജൂൺ 20നാണ് ഇന്ത്യയുടെ സൂപ്പർ 8 പോരാട്ടം തുടങ്ങുന്നത്. 22നും 24നുമാണ് സൂപ്പർ 8ലെ മറ്റ് രണ്ട് മത്സരങ്ങൾ.

15 അംഗ ടീമിലുള്ള യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർക്ക് പോലും ഇതുവരെ പ്ലേയിംഗ് ഇലവനിൽ അവസരം നൽകാൻ ഇന്ത്യക്കായിട്ടില്ല. ആദ്യ മത്സരം മുതൽ പ്ലേയിംഗ് ഇലവനിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. കാനഡക്കെതിരായ മത്സരത്തിൽ ഇതുവരെ അവസരം കിട്ടാത്ത സഞ്ജു ഉൾപ്പെടെയുള്ള താരങ്ങൾക്ക് അവസരം നൽകുമെന്ന് സൂചനയുണ്ടെങ്കിലും കനത്ത മഴ മത്സരത്തിന് ഭീഷണിയാണ്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *