Your Image Description Your Image Description

 

 

ആൻറിഗ്വ: ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് 2024ൽ ഒമാനെതിരെ ഇംഗ്ലണ്ടിന് ആധികാരിക വിജയം. സൂപ്പർ എട്ട് സാധ്യത നിലനിർത്താൻ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ മികച്ച നെറ്റ് റൺറേറ്റോടെ ഇംഗ്ലണ്ട് 8 വിക്കറ്റിൻറെ ജയം സ്വന്തമാക്കി. ഈ ലോകകപ്പിൽ മുൻ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിൻറെ ആദ്യ ജയമാണിത്. ഏകപക്ഷീയമായി അവസാനിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഒമാൻ 13.2 ഓവറിൽ 47 റൺസിൽ പുറത്തായപ്പോൾ ഇംഗ്ലണ്ട് 3.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ജയത്തിലെത്തി. നാല് വിക്കറ്റുമായി ആദിൽ റഷീദും മൂന്ന് പേരെ വീതം പുറത്താക്കി ജോഫ്ര ആർച്ചറും മാർക്ക് വുഡുമാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്.

ഇംഗ്ലണ്ടിൻറെ ബൗളിംഗ് കരുത്തിന് മുന്നിൽ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഒമാന് പിടിച്ചുനിൽക്കാനായില്ല. 13.2 ഓവറിൽ ഒമാൻ 47 റൺസിൽ ഓൾഔട്ടായി. 23 പന്തിൽ 11 റൺസ് നേടിയ ഷൊയൈബ് ഖാൻ മാത്രമേ ഒമാൻ നിരയിൽ രണ്ടക്കം കണ്ടുള്ളൂ. പ്രതിക് അഥാവാലെ (3 പന്തിൽ 5), കശ്യപ് പ്രജാപതി (16 പന്തിൽ 9), ആഖ്വിബ് ഇല്യാസ് (10 പന്തിൽ 8), സീഷാൻ മഖ്‌സൂദ് (5 പന്തിൽ 1), ഖാലിദ് കെയ്‌ൽ (3 പന്തിൽ 1), അയാൻ ഖാൻ (5 പന്തിൽ 1), മെഹ്‌റാൻ ഖാൻ (2 പന്തിൽ 0), ഫയാസ് ബട്ട് (7 പന്തിൽ 2), കലീമുള്ള (5 പന്തിൽ 5), ബിലാൽ ഖാൻ (1 പന്തിൽ 0*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോർ. ആദിൽ റഷീദ് നാലോവറിൽ 11 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ 3.2 ഓവറിലും മാർക് വുഡ് 3 ഓവറിലുമാണ് 12 റൺസിന് മൂന്ന് പേരെ വീതം പറഞ്ഞയച്ചത്.

കുഞ്ഞൻ വിജയലക്ഷ്യം എത്രയും വേഗം എത്തിപ്പിടിക്കുക മാത്രമായിരുന്നു മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് മുന്നിൽ ലക്ഷ്യമായുണ്ടായിരുന്നത്. ഇതോടെ ഫിലിപ് സാൾട്ട്, വിൽ ജാക്‌സ് എന്നിവരുടെ വിക്കറ്റുകൾ നഷ്‌ടമായി. 3 പന്തിൽ 12 റൺസ് നേടിയ സാൾട്ടിനെ ബിലാൽ ഖാൻ ബൗൾഡാക്കി. 7 പന്തിൽ 5 നേടിയ ജാക്‌സിനെ കലീമുള്ള, കശ്യപിൻറെ കൈകളിൽ എത്തിച്ചു. എന്നാൽ ക്യാപ്റ്റൻ ജോസ് ബട്‌ലറും (8 പന്തിൽ 24*), ജോണി ബെയ്‌ർസ്റ്റോയും (2 പന്തിൽ 8*) ഇംഗ്ലണ്ടിനെ 3.1 ഓവറിൽ ജയിപ്പിച്ചു. ജയത്തോടെ സൂപ്പർ എട്ടിലെത്താനുള്ള സാധ്യതകൾ ഇംഗ്ലണ്ട് നിലനിർത്തി.

Leave a Reply

Your email address will not be published. Required fields are marked *