Your Image Description Your Image Description

 

 

66 വയസ്സുള്ള അക്കലേഷ്യ രോഗിയിൽ പെറോറൽ എൻഡോസ്കോപ്പിക് മയോടോമി (POEM) വിജയകരമായി പൂർത്തിയാക്കി

അങ്കമാലി: അക്കലേഷ്യ കാർഡിയ ബാധിച്ച 66 വയസ്സുകാരനിൽ പെറോറൽ എൻഡോസ്കോപ്പിക് മയോടോമി (POEM) വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ. അന്നനാളത്തിനുണ്ടാകുന്ന ചലന വൈകല്യമായ അക്കലേഷ്യ കാർഡിയ ചികിത്സിക്കുന്നതിനുള്ള ആധുനികവും സങ്കീർണവുമായ ചികിത്സാരീതിയാണ് പെറോറൽ എൻഡോസ്കോപ്പിക് മയോടോമി (POEM) എന്ന തേർഡ് സ്പേസ് എൻഡോസ്കോപ്പി.

സാധാരണയായി അന്നനാളിയിലുള്ള മാംസപേശികൾ പ്രവർത്തിക്കുന്നത് വഴിയാണ് ഭക്ഷണം ആമാശയത്തിലേക്ക് പോകുന്നത്. എന്നാൽ അക്കലേഷ്യ കാർഡിയ ഉള്ള രോഗികളിൽ മാംസപേശികൾ ചലിക്കാത്തതു മൂലം ഭക്ഷണം ആമാശയത്തിലേക്ക് പോകുന്നതിന് തടസ്സം ഉണ്ടാവുകയും അന്നനാളിയിൽ അത് കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഇതിൻ്റെ ഫലമായി ഭക്ഷണം ഇറക്കുന്നതിന് ബുദ്ധിമുട്ട് തോന്നുകയും പകുതി ദഹിച്ച ഭക്ഷണം പുറത്തേക്ക് തികട്ടി വരിക, ചുമ, ദഹന പ്രശ്ന‌ങ്ങൾ, ശരീര ഭാരക്കുറവ് എന്നിവയ്ക്കും കാരണമാകുന്നു.

കഴിഞ്ഞ 12 വർഷമായി മറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഫലം ലഭിക്കാത്തതിനെ തുടർന്ന് അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ ഗ്യാസ്ട്രോഎൻററോളജി വിഭാഗത്തിൽ എത്തിയ രോഗിക്ക് സീനിയർ കൺസൾട്ടൻറ് ഡോ. ബി. മുഹമ്മദ് നൗഫൽ, അസോസിയേറ്റ് കൺസൾട്ടൻറ് ഡോ. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അക്കലേഷ്യ സ്ഥിതീകരിച്ചത്. തുടർന്ന് ഈസൊഫേഗൽ മാനോമെട്രി ടെസ്റ്റ് നടത്തുകയം POEM അഥവാ പെറോറൽ എൻഡോസ്കോപ്പിക് മയോടോമി നടത്താമെന്ന തീരുമാനത്തിൽ എത്തുകയും ചെയ്തു. അന്നനാളത്തിലൂടെ പ്രഷർ സെൻസറുകളുള്ള ഒരു കത്തീറ്റർ ആമാശയത്തിലേക്ക് കടത്തിവിടുകയും അന്നനാളത്തിലെ മർദ്ദം അളക്കുകയും ചെയ്യുന്നതാണ് മാനോമെട്രി ടെസ്റ്റ്. “രോഗികൾക്ക് അത്യാധുനികവും അതിലുപരി മിനിമലി ഇൻവാസിവുമായ ചികിത്സകൾ ഉറപ്പുവരുത്തുന്നതിലുള്ള അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിന്റെ പ്രതിബദ്ധതയാണ് സങ്കീർണ്ണമായ ഈ നടപടിക്രമം വിജയകരമായി പൂർത്തിയാക്കുന്നതിലൂടെ തെളിയിച്ചിരിക്കുന്നതെന്ന്” അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സിഇഒ സുദർശൻ ബി പറഞ്ഞു.

ബേരിയം എക്സ്റേ, എൻഡോസ്കോപ്പി മാനോമെട്രി പരിശോധനകൾ വഴിയാണ് ഈ രോഗം ശാസ്ത്രീയമായി കണ്ടുപിടിക്കുന്നത്. എൻഡോസ്കോപിക് ബലൂൺ ഡയലറ്റേഷൻ വഴിയോ, ലാപറോസ്കോപിക് ശസ്ത്രക്രിയയിലൂടെയോ ആണ് സാധാരണയായി ഈ രോഗത്തെ ചികിത്സിക്കുന്നത്. ഇതിൽ എൻഡോ‌സ്കോപ്പിക് ബലൂൺ ഡയലറ്റേഷൻ വഴി രോഗിക്ക് താൽക്കാലിക ആശ്വാസം മാത്രമാണ് ലഭിക്കുക, മാത്രമല്ല ചില രോഗികളിൽ ഇത് തുടർച്ചയായി ചെയ്യുന്നത് മൂലം അന്നനാളത്തിൽ മുറിവുകൾക്കും കാരണമാകുന്നു. ഇവിടെയാണ് അതിനുതന ചികിത്സ രീതിയായ തേർഡ് സ്പേസ് എൻഡോസ്കോപ്പി അഥവാ പെർ ഓറൽ എൻഡോസ്കോപ്പിക് മയോട്ടമിയുടെ പ്രസക്‌തി. സങ്കീർണമായ ശസ്ത്രക്രിയകൾക്ക് പകരം അന്നനാളത്തിൽ ഇലക്ട്രോ സർജിക്കൽ ചികിത്സ വഴി തടസങ്ങൾ നീക്കുന്ന രീതിയാണ് പെർ ഓറൽ എൻഡോസ്കോപ്പിക്ക് മയോട്ടമി. ചുരുങ്ങിയ സമയം മാത്രം നില്ക്കുന്ന POEM ചികിത്സയിലൂടെ പാർശ്വഫലങ്ങൾ ഇല്ലാതെ വളരെ വേഗം രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ കഴിയുന്നു എന്നതാണ് ഇതിന്റെ സവിശേഷത.

മൂന്നു മുതൽ നാലു മണിക്കൂറുകൾ വരെ നീണ്ടു നിൽക്കുന്ന പ്രക്രിയയിൽ ഒരു ഫ്ലെക്സിബിൾ എൻഡോസ്കോപ്പ് ട്യൂബ് വായിലൂടെ കടത്തിവിടുകയും അന്നനാളത്തിൽ ഒരു ചെറിയ മുറിവുണ്ടാക്കുകയും അതുവഴി അന്നനാളtത്തിനു താഴെയുള്ള സ്ഫിൻക്റ്റർ മുറിക്കുകയും അയവു വരുത്തുകയും ചെയ്യുന്നു, പിന്നീട് അത് ക്ലിപ്പുകൾ ഉപയോഗിച്ച് അടയ്ക്കുന്നു. ” അക്കലേഷ്യ രോഗത്തിന്റെ അടിസ്ഥാന കാരണത്തെ അഭിസംബോധന ചെയ്യാൻ സഹായിക്കുന്ന POEM അഥവാ പെറോറൽ എൻഡോസ്കോപ്പിക് മയോടോമിയിലൂടെ രോഗികൾക്ക് ദീർഘകാല ആശ്വാസം ലഭിക്കുമെന്ന് ” ഡോ. ബി. മുഹമ്മദ് നൗഫൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *