Your Image Description Your Image Description

 

‌ന്യൂയോർക്ക്: ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ ഇന്ത്യ – ഓസ്‌ട്രേലിയ മത്സരം. ഈ മാസം 24നാണ് ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇരു ടീമുകളും നേർക്കുനേർ വരിക. അന്ന് ഇന്ത്യയെ തോൽപ്പിച്ച് ഓസ്‌ട്രേലിയ ലോക കിരീടം ഉയർത്തിയിരുന്നു. സെന്റ് ലൂസിയ, ഡാരൻ സമി നാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് വീണ്ടും ഇന്ത്യയും ഓസ്‌ട്രേലിയയും നേർക്കുനേർ വരിക. ഇരു ടീമുകളും സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലാണ് മത്സരിക്കുക. ഗ്രൂപ്പിലെ മറ്റു ടീമുകൾ ഏതൊക്കെയെന്ന് ഇനിയും തീരുമാനമായിട്ടില്ല. ഗ്രൂപ്പ് രണ്ടിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയക്ക് പുറമെ രണ്ട് ടീമുകളെ കൂടെ ഇന്ത്യക്ക് ഗ്രൂപ്പിൽ നേരിടേണ്ടിവരും. അത് ആരൊക്കെയെന്ന് ഔദ്യോഗികമായി അറിയാൻ സമയമെടുക്കും. എങ്കിലും അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് അല്ലെങ്കിൽ നെതൽലൻഡ്‌സ് ടീമുകൾ വരാൻ സാധ്യതയേറെയാണ്. 20നാണ് സൂപ്പർ എട്ടിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഐസിസി സീഡിങ് നിയമ പ്രകാരമാണ് സൂപ്പർ 8 മത്സരങ്ങൾ നടക്കുക. എട്ട് ടീമുകളെ നാല് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പർ 8 മത്സരങ്ങൾ. മൂന്ന് വീതം മത്സരങ്ങൾ കഴിയുമ്പോൾ ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിലേക്ക് കയറും. ജൂൺ 20, ജൂൺ 22 എന്നീ ദിവസങ്ങളിലാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങൾ.

ഇന്നലെ യുഎസ് തോൽപ്പിച്ചതോടെയാണ് ഇന്ത്യ സൂപ്പർ എട്ട് ഉറപ്പിച്ചത്. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ന്യൂയോർക്ക്, നാസൗ കൗണ്ടി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് 111 റൺസ് വിജയലക്ഷ്യമാണ് യുഎസ് മുന്നോട്ട് വച്ചത്. നാല് വിക്കറ്റ് നേടിയ അർഷ്ദീപ് സിംഗാണ് തകർത്തത്. നാല് ഓവറിൽ ഒമ്പത് റൺസ് മാത്രമാണ് അർഷ്ദീപ് വിട്ടുകൊടുത്തത്.

27 റൺസ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ ഇന്ത്യ 18.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സൂര്യകുമാർ യാദവ് (49 പന്തിൽ 50), ശിവം ദുബെ (35 പന്തിൽ 31) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *