Your Image Description Your Image Description

വാഗമൺ: ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികയ്ക്ക് ഭീമമായ വൈദ്യുതി ബില്ല് ലഭിച്ച സംഭവത്തിൽ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇന്ന് വൈദ്യുതി വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും. ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധിക അന്നമ്മയ്ക്കാണ് 50000 രൂപയുടെ വൈദ്യുതി ബിൽ നൽകി കെ എസ് ഇ ബി ഞെട്ടിച്ചത്. സംഭവം ഏഷ്യാനറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അന്വേഷണം നടത്താൻ വൈദ്യുതി വകുപ്പ് മന്ത്രി നിർദ്ദേശിച്ചിരുന്നു.

തൊടുപുഴ ഡെപ്യൂട്ടി ചീഫ് എൻജിനീയറെയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമപ്പിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. 2019 മുതൽ കഴിഞ്ഞ വർഷം വരെ കെഎസ്ഇബി ജീവനക്കാർ അന്നമ്മയുടെ വീട്ടിലെത്തി കൃത്യമായി മീറ്റർ റീഡിംഗ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. പുതിയ ഉദ്യോഗസ്ഥനെത്തി റീഡിംഗ് എടുത്തപ്പോഴാണ് ഭീമമായ ബിൽ തുക വന്നത്. മന്ത്രിയുടെ ഉത്തരവിനനുസരിച്ച് കണക്ഷൻ പുനസ്ഥാപിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.

വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചതിനെ തുടന്ന് കൂലിപ്പണിയെടുത്താണ് അന്നമ്മ ജീവിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതോടെ പണിയെടുക്കാനും വയ്യാതായി. മുൻപ് പരമാവധി 400 രൂപയാണ് വൈദ്യുതി ബിൽ ലഭിച്ചിരുന്നത്. ഇത് കൃത്യമായി അടക്കുന്നുമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസം 15 ന് 49,710 രൂപയുടെ ബില്ലെത്തിയതോടെ അന്നമ്മ ഞെട്ടി. ഇതോടെ കെഎസ് ഇബിയുടെ പീരുമേട് സെക്ഷൻ ഓഫീസിൽ പരാതിയുമായെത്തി. എന്നാൽ പരിഹരിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും അന്നമ്മ ആരോപിച്ചിരുന്നു. വൈദ്യുതി ബന്ധം വിശ്ചേദിച്ചതോടെ ഒറ്റമുറി വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണിപ്പോൾ അന്നമ്മ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *