Your Image Description Your Image Description

 

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന് ഉജ്ജ്വല മുന്നേറ്റം. അവസാന വിവരങ്ങൾ ലഭ്യമാകുമ്പോൾ 148250 വോട്ടിൻറെ ഭൂപരിപക്ഷത്തിൽ പ്രേമചന്ദ്രൻ മുന്നിലാണ്.

എൽഡിഎഫ് സ്ഥാനാർത്ഥി നടനും എംഎൽഎയുമായ എം മുകേഷ് രണ്ടാമതാണ്. കളം പിടിക്കാൻ ബിജെപി ഇറക്കിയ സ്ഥാനാർത്ഥി നടൻ കൃഷ്ണകുമാർ മൂന്നാമതാണ്. ഏറ്റവും ഒടുവിൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ 436058 വോട്ടാണ് എൻകെ പ്രേമചന്ദ്രന് ലഭിച്ചത്. 287808 വോട്ടോടെ മുകേഷ് രണ്ടാ സ്ഥാനത്താണുള്ളത്. 160303 വോട്ടാണ് കൃഷ്ണകുമാറിന് ലഭിച്ചത്.

2009ലെ തിരഞ്ഞെടുപ്പു മുതൽ യുഡിഎഫാണ് മണ്ഡലത്തിൽ തുടർച്ചയായി വിജയിക്കുന്നത്. 2014ൽ കോൺഗ്രസ് ആർസിപിക്ക് സീറ്റ് കൈമാറി. 2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻ.കെ.പ്രേമചന്ദ്രൻ ഹാട്രിക് വിജയത്തിനായാണ് ഇത്തവണ ഇറങ്ങുന്നത്.

രൂപീകൃതമായതിന് ശേഷം ഇതുവരെ നടന്നിട്ടുള്ള 17 തെരഞ്ഞെടുപ്പുകളിൽ പത്തിലും ഇടതുപക്ഷത്തിനൊപ്പമായിരുന്നു കൊല്ലം മണ്ഡലം. കൊല്ലം, ഇരവിപുരം, ചാത്തന്നൂർ, ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ് ഇത്. കുണ്ടറയിൽ പി.സി വിഷ്ണുനാഥ് ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളും ഇപ്പോൾ ഇടതു മുന്നണിക്ക് സ്വന്തം. 2016ലെ തെരഞ്ഞെടുപ്പിലും എല്ലാ നിയമസഭാ മണ്ഡലങ്ങളും ഇടതുമുന്നണിക്കൊപ്പം നിന്നു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ചിത്രം വേറെയാണ്.

മണ്ഡലം രൂപീകൃതമാവുന്നതിന് മുമ്പ് മുതൽ ആർ.എസ്.പിയുടെ പോരാട്ട ഭൂമിയാണ് കൊല്ലം. 1952-ലെ ആദ്യ തെരഞ്ഞെടുപ്പിൽ ആർ.എസ്.പിയുടെ പി.കെ ശ്രീകണ്ഠൻ നായരാണ് വിജയിച്ചത്. 1962 മുതൽ 1977 വരെയുള്ള നാല് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം തന്നെ പാർലമെന്റിലെത്തി. 1980-ൽ ശ്രീകണ്ഠൻ നായരെ തോൽപ്പിച്ച് ബി കെ നായരിലൂടെ കോൺഗ്രസ് കരുത്ത് കാട്ടി. പിന്നീട് 1984 മുതൽ 1988 വരെ മൂന്ന് തവണ എസ്. കൃഷ്ണകുമാറിലൂടെ കോൺഗ്രസ് മണ്ഡലം കൈയടക്കി.

1996-ൽ കൃഷ്ണകുമാറിനെ തോൽപ്പിച്ചാണ് അന്നത്തെ യുവനേതാവ് എൻ.കെ പ്രേമചന്ദ്രൻ പാർലമെന്റിലെത്തുന്നത്. 1998-ലും പ്രേമചന്ദ്രൻ തന്നെ വിജയിച്ചു. പിന്നീട് ആർ.എസ്.പിയിൽ നിന്ന് സിപിഎം ഏറ്റെടുത്ത കൊല്ലം മണ്ഡലത്തിൽ 1999-ലും 2004-ലും സിപിഎമ്മിനെ പ്രതിനിധീകരിച്ച പി. രാജേന്ദ്രനായിരുന്നു എം.പി. 2009-ൽ പീതാംബരകുറുപ്പിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് ഇടതുമുന്നണിയിൽ നിന്ന് മാറിയ ആർ.എസ്.പി യു.ഡി.എഫിനൊപ്പം ചേർന്ന ശേഷം രണ്ട് തെരഞ്ഞെടുപ്പുകളിലും എൻ.കെ പ്രേമചന്ദ്രന് തന്നെയായിരുന്നു വിജയം. അതിൽ തന്നെ 2019ൽ 1,48,856 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷവും.

Leave a Reply

Your email address will not be published. Required fields are marked *