Your Image Description Your Image Description

ഡൽഹി: മണിപ്പൂരിൽ ക്രിസ്തീയ ദേവാലയങ്ങൾ കത്തിച്ച വർഷംതന്നെ ന്യൂനപക്ഷ സമുദായ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത് വിരോധാഭാസമാണെന്ന് ക്രിസ്ത്യൻ സമുദായ പ്രതിനിധികളും ആക്റ്റിവിസ്റ്റുകളും വാർത്തസമ്മേളനത്തിൽ പറഞ്ഞു. വംശീയ കലാപം നടന്ന മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് സമയം കണ്ടെത്താനായില്ലെന്നും അവർ ആരോപിച്ചു.

മേയ് ആദ്യം മുതൽ മെയ്തേയി സമുദായവും ഗോത്രവർഗ കുക്കികളും തമ്മിലുള്ള വംശീയ അക്രമത്തിൽ 200ലധികം പേർ കൊല്ലപ്പെടുകയും 60,000ത്തോളം പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. മണിപ്പൂരിലെ മലയോര ജില്ലകളിൽ താമസിക്കുന്ന കുക്കികളിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്.

സമുദായത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിനായുള്ള മഹത്തായ സംഭാവനകൾക്ക് പ്രധാനമന്ത്രിയെ ക്രിസ്മസ് ദിനത്തിൽ ​മത അധികാരികൾ അഭിനന്ദിച്ചത് വിരോധാഭാസമാണ്. മണിപ്പൂരിൽ വിവിധ സഭകൾ നടത്തുന്ന അഭയാർഥി ക്യാമ്പുകളിൽ 50,000 കുക്കി, സോ വിഭാഗം ജനങ്ങൾ കഠിനമായ സാഹചര്യങ്ങളിൽ ജീവിക്കുന്നതായും ക്രിസ്തീയ പ്രതിനിധികൾ കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിൽ നൂറോളം പാസ്റ്റർമാരും സാധാരണക്കാരായ സ്ത്രീകളും പുരുഷന്മാരും അനധികൃത മതപരിവർത്തനത്തിന്റെ പേരിൽ ജയിലിൽ കഴിയുകയാണ്. സമുദായത്തിനെതിരായ പീഡനം വ്യാപകമാണെന്നും അവർ ആരോപിച്ചു. വിദേശ സംഭാവന (നിയന്ത്രണം) നിയമപ്രകാരം നിരവധി പള്ളികളുടെയും കീഴിലുള്ള സംഘടനകളുടെയും ലൈസൻസ് സർക്കാർ റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *