Your Image Description Your Image Description

 

 

കോഴിക്കോട്: കോഴിക്കോടിൻറെ നന്മ നിറഞ്ഞ മണ്ണിൽ വർഗീയ – വ്യാജ പ്രചാരണങ്ങൾ വിലപോവില്ലെന്ന് മുസ്‍ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി. നന്മയോടൊപ്പവും സത്യസന്ധമായ രാഷ്ട്രീയത്തിനും ഒപ്പമാണ് കോഴിക്കോട്ടെ പ്രബുദ്ധരായ ജനതയുടെ മനസ്സെന്ന് തെളിയിക്കുന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. രാഹുൽ ഗാന്ധിയുടേയും എം കെ രാഘവന്റെയും ഷാഫി പറമ്പിലിന്റെയും വിജയം വർഗീയ കള്ള പ്രചാരണങ്ങൾക്ക് മുകളിൽ ജനാധിപത്യവും മതേതരത്വവും നേടിയ വിജയമാണെന്ന് ലീഗ് വാർത്തക്കുറിപ്പിൽ അറിയിച്ചു.

എം കെ രാഘവൻ എംപിയെ കോഴിക്കോട്ടെ ജനത മുഴുവൻ ഹൃദയത്തിലേറ്റിയെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ തുടർച്ചയായ നാലാമത്തെ വിജയം. എം കെ രാഘവന്റെ ജനകീയ ഇടപെടലിനുള്ള സാക്ഷിപത്രമാണ് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് ലഭിച്ച ഭൂരിപക്ഷം. വർഗീയ പരാമർശങ്ങൾകൊണ്ടും കള്ള പ്രചാരണങ്ങൾ കൊണ്ടും തെരഞ്ഞെടുപ്പിൽ ജയിക്കാമെന്ന സിപിമ്മിൻറെ അഹന്തക്കേറ്റ തിരിച്ചടിയാണ് വടകരയിലെ ജനങ്ങൾ നൽകിയത്. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം വ്യാജമായി സൃഷ്ടിച്ച് സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ച ‘കാഫിർ പ്രയോഗം’ ഇനിയുള്ള തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിനെ വേട്ടയാടും. വടകരയിലെ രാഷ്ട്രീയ പ്രബുദ്ധതക്ക് മുകളിൽ വർഗീയത ആളിക്കത്തിക്കാൻ ബിജെപിയേക്കാളും മുന്നിൽ നിന്ന സിപിഎം ഇനിയെങ്കിലും അത്തരം വിധ്വംസക പ്രവർത്തനങ്ങളിൽ നിന്നും പിൻമാറണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ എ ഖാദർ മാസ്റ്റർ, ആക്ടിംഗ് ജനറൽ സെക്രട്ടറി അസീസ് മാസ്റ്റർ എന്നിവർ ആവശ്യപ്പെട്ടു. ഷാഫി പറമ്പിലിന്റെ വലിയ വിജയം മതേതര ജനാധിപത്യ വിശ്വാസികൾക്ക് ഏറെ ആശാവഹമാണെന്നും കൂട്ടിച്ചേർത്തു.

വയനാട് പാർലിന്റിൽ ഉൾപ്പെട്ട തിരുവമ്പാടി നിയോജക മണ്ഡലം രാഹുൽ ഗാന്ധിക്ക് മികച്ച ഭൂരിപക്ഷമാണ് നൽകിയത്. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ഭൂരിപക്ഷം നേടാനും വോട്ട് വർദ്ധിപ്പിക്കാനും സാധിച്ചു. വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ വിജയം ആവർത്തിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്തും കോർപ്പറേഷനും ഭൂരിപക്ഷം ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും യുഡിഎഫിന് ഭരണം ലഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് മുസ് ലിം ലീഗ് തുടക്കം കുറിച്ച് കഴിഞ്ഞെന്ന് ലീഗ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *