Your Image Description Your Image Description

 

കോഴിക്കോട്: നൂറ്റാണ്ടുകളായി മലബാറുകാരുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ചേളാരി ചന്ത, ദേശീയപാത വരുന്നതോടെ അവസാനിക്കുമെന്ന ആശങ്കയിലാണ് കച്ചവടക്കാർ. പാതയുടെ നിർമാണം തുടങ്ങിയതോടെ ചന്ത നടന്നിരുന്ന ഭൂമിയിലേക്കുള്ള വഴിയടഞ്ഞു. കഴിഞ്ഞ നാലു മാസമായി നിർമാണം നടക്കുന്ന ദേശീയപാതയിലാണ് ചന്തയും പ്രവർത്തിക്കുന്നത്

നൂറ്റാണ്ടുകൾ പഴക്കമുള്ള, മലബാറിൽ പേരുകേട്ട ചേളാരി ചന്തയിൽ കന്നുകാലി വിൽപനയാണ് പ്രധാനം. അയൽ സംസ്ഥാനങ്ങളിൽ നിന്നെല്ലാം കച്ചവടക്കാരെത്തും. വിലയുറപ്പിച്ചാൽ കാലിക്കയർ കൈമാറും. വേഗപ്പാത വരുന്നതോടെ ഒക്കെയും ഓർമയാകുമെന്നാണ് കച്ചവടക്കാരുടെ ആശങ്ക. ദേശീയപാത പണി തുടങ്ങിയതോടെയാണ് ചന്ത നടന്നിരുന്ന സ്ഥലത്തേക്ക് വഴിയടഞ്ഞത്. അതോടെ മാസങ്ങളോളം ചന്തയും നിന്നു. പിന്നെ മഴയിലും ചെളിയിലും ദേശീയപാത നിർമാണം മുടങ്ങിയതോടെ പണി നടക്കുന്ന പാതയിൽ ചന്ത വീണ്ടും തുടങ്ങി.

ശക്തമായ മഴയിൽ പണിനടക്കുന്ന ദേശീയപാതയുടെ അരികുഭിത്തി പൊട്ടി, പുറത്തേക്ക് തള്ളി. താഴ്ചയിലുള്ള ചന്തയിലേക്കുള്ള വഴിയിലൂടെയാണിപ്പോൾ മഴവെള്ളം കുത്തിയൊലിച്ചിറങ്ങുന്നത്. പരിസരത്തുള്ളവർ സ്ഥലം നൽകിയാൽ ദേശീയപാതയിൽ നിന്ന് റോഡ് നിർമിച്ച് പ്രശ്നം പരിഹരിക്കാമെന്നാണ് നിർമാണ കമ്പനിയുടെ വാഗ്ദാനം. നടന്നാലെന്നൊരു പ്രതീക്ഷ ബാക്കി വെക്കുന്നുണ്ടെങ്കിലും പാത വരുന്നതോടെ പഴയ പൊലിമയിൽ ചേളാരി ചന്ത ബാക്കി ഉണ്ടായേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *