Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ അവയവം മാറി ശസ്ത്രക്രിയയില്‍ ഡോക്ടർ ബിജോൺ ജോൺസന് തിരിച്ചടിയായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ഡോക്ടർക്ക് ചികിൽസ പിഴവ് സംഭവിച്ചെന്നാണ് മെഡിക്കൽ ബോർഡിന്‍റെ കണ്ടെത്തല്‍. കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയത് ചികിൽസ പിഴവാണെന്നും മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മെഡിക്കൽ ബോർഡ് റിപ്പോർട്ട് പൊലീസിന് കൈമാറി. മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മെഡിക്കൽ നെഗ്ലീജൻസ് ആക്റ്റ് പ്രകാരം ഡോക്ടർക്കെതിരെ പൊലീസ് നടപടി എടുക്കും ഡോക്ടർക്ക് നോട്ടീസ് അയച്ച് കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറിയാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് എന്ന് പോലീസ് അന്വേഷണത്തിലെ കണ്ടെത്തലെന്നും എന്നാല്‍ പിഴവ് സംഭവിച്ചോ എന്ന് പറയേണ്ടത് മെഡിക്കൽ ബോർഡാണാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് എസിപി കെഇ പ്രേമചന്ദ്രൻ പറഞ്ഞു.

പ്രഥമ ദൃഷ്ട്യാ സംശയങ്ങൾ ഉണ്ടെന്നും മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും എസിപി പറഞ്ഞു. കേസെടുക്കണം എന്നാണ് മെഡിക്കൽ റിപ്പോർട്ട് എങ്കിൽ അത്തരം നടപടികളും സ്വീകരിക്കുമെന്നും എസിപി കൂട്ടിച്ചേര്‍ത്തു. നാല് വയസ്സുകാരിക്ക് കൈവിരലിനു പകരം നാവിന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ സംഭവത്തിലാണ് പൊലീസ് അന്വേഷണം നടന്നത്.
സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡും രൂപവത്കരിച്ചിരുന്നു. മെഡിക്കല്‍ നെഗ്ളിജന്‍സ് ആക്ട് പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ പ്രകാരമാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിദഗ്ദരെ ഉൾപ്പെടുത്തി നേരത്തെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. അവയവം മാറി ശസ്ത്രക്രിയയ്ക്ക് വിധേയമായ കുട്ടിയുടെ ചികില്‍സയുമായി ബന്ധപ്പെട്ട രേഖകള്‍, ഡ്യൂട്ടി രജിസ്റ്റര്‍, ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ എന്നിവര്‍ പൊലീസിന് നല്‍കിയ മൊഴി, തുടങ്ങിയവ പരിശോധിച്ചശേഷമാണ് മെഡിക്കല്‍ ബോര്‍ഡ് പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയത്.

മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പൊലീസിന്‍രെ തുടര്‍നടപടികള്‍. ചെറുവണ്ണൂര്‍ സ്വദേശികളുടെ മകളായ നാലു വയസുകാരിയുടെ ആറാം വിരല്‍ മാറ്റുന്നതിന് പകരം രക്ഷിതാക്കളെ അറിയിക്കാതെ നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് കേസ്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത പുറത്തു കൊണ്ടുവന്നത്. എന്നാല്‍ തെറ്റു പറ്റിയിട്ടില്ലെന്നും കുട്ടിയുടെ നാവില്‍ കെട്ടു കണ്ടപ്പോള്‍ അടിയന്തരമായി ശസ്ത്രക്രിയ ചെയ്തെന്നുമാണ് ഡോക്ടര്‍ ബിജോണ്‍ ജോണ്‍സണ്‍ പൊലീസിന് മൊഴി നല്‍കിയത്. ആറാം വിരല്‍ മാറ്റാനുള്ള ശസ്ത്രക്രിയയ്ക്കായി കുട്ടിയെ പ്രവേശിപ്പിച്ചപ്പോഴാണ് നാവി‍ല്‍ കെട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടതാണെന്നാണ് ഡോക്ടറുടെ വാദം. ഡോക്ടറെ ആരോഗ്യവകുപ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *