Your Image Description Your Image Description

 

ഡൽഹി: രാജ്യത്തെ ഐടി മേഖലയിൽ ‘നിശബ്ദ പിരിച്ചുവിടൽ’ നടക്കുന്നുവെന്ന് റിപ്പോർട്ട്. 2023ൽ 20,000ത്തോളം ടെക്കികളെ പിരിച്ചുവിട്ടതായി സൂചന. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആറ് ഇൻഫർമേഷൻ ടെക്നോളജി സേവന കമ്പനികളായ ടിസിഎസ്, ഇൻഫോസിസ്, എൽടിഐ-മൈൻഡ് ട്രീ, ടെക് മഹീന്ദ്ര, വിപ്രോ എന്നിവയാണ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അവരുടെ ആകെയുള്ള ജീവനക്കാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐടി കമ്പനി ജീവനക്കാരുടെ സംഘടനയായ ആൾ ഇന്ത്യ ഐടി ആന്റ് ഐടിഇഎസ് എംപ്ലോയിസ് യൂണിയൻ (എഐഐടിഇയു) ഇത്തരത്തിലൊരു റിപ്പോർട്ട് പുറത്തുവിട്ടത് എന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്‌തു.

സാമ്പത്തിക മാന്ദ്യം, പുനർനിർമാണം, ചിലവ് കുറയ്ക്കൽ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് വൻതോതിലുള്ള പിരിച്ചുവിടലുകൾ കമ്പനികൾ നടത്തിവരുന്നത്. എച്ച്‌സി എൽടെക് മാത്രമാണ് കൂടുതൽ ജീവനക്കാരെ ജോലിക്കെടുത്തത്. വരും വർഷങ്ങളിലും ഐടി മേഖലയിൽ ഇത്തരത്തിലുള്ള പിരിച്ചുവിടലുകൾ തുടരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

കൊവിഡ് കാലത്ത് നിരവധിപ്പേരെ കമ്പനികൾ അധികമായി ജോലിക്കെടുത്തിരുന്നു എന്നും തുടർന്ന് മേഖലയെ ബാധിച്ചിരിക്കുന്ന ഇടിവിൽ നിന്ന് രക്ഷനേടാനായണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആഗോളതലത്തിൽ ഐടി കമ്പനികളിൽ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധി രാജ്യത്തെ ഐടിമേഖലയിലും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ആപ്പിൾ, ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ഐബിഎം, ഇന്റൽ തുടങ്ങിയ സ്ഥാപനങ്ങൾ വൻതോതിൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിട്ടുണ്ട്.

ഇന്ത്യൻ ഐടി മേഖലയിൽ തൊഴിലാളി വിരുദ്ധ പ്രവണതകൾ നിലനിൽക്കുന്നുണ്ടെന്നും 2023-ൽ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടൽ കാരണം ജോലി നഷ്ടപ്പെട്ടത് ഏകദേശം 20,000 ഓളം പേർക്കാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യഥാർഥ കണക്കുകൾ ഇതിലും വലുതാണെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു സെക്ഷനിലെ ജീവനക്കാർക്ക് മറ്റൊരു സെക്ഷനിലേക്ക് 30 ദിവസത്തിനുള്ളിൽ ജോലി നല്കുമെന്ന പേരിലാണ് പല സ്ഥാപനങ്ങളും പിരിച്ചുവിടൽ നടത്തുന്നതെന്നും പലരും ഈ വാഗ്ദാനം പാലിക്കുന്നില്ല എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2024-ലെ ആദ്യ അഞ്ച് മാസത്തിനുള്ളിൽ ഇന്ത്യയിലെ പ്രധാന ഐടി കമ്പനികളിൽ നിന്ന് 2,000-നും 3,0000-നും ഇടയിൽ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി സെനറ്റ് (എൻഐടിഇഎസ്) റിപ്പോർട്ടിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *