Your Image Description Your Image Description

കോഴിക്കോട്: വടകരയിലെ കാഫിർ പ്രയോഗത്തിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ കാസിം. തന്റെ പേരിൽ വ്യാജ സന്ദേശമാണ് പ്രചരിച്ചതെന്നും താനാണ് കേസിലെ ആദ്യ പരാതിക്കാരനെന്നും എന്നാൽ തനിക്കെതിരെയാണ് പൊലീസിൻ്റെ ഇപ്പോഴത്തെ അന്വേഷണമെന്നും കുറ്റപ്പെടുത്തി കാസിം കേരള ഹൈക്കോടതിയെ സമീപിച്ചു. വിവാദ വാട്സ്ആപ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിൽ കേസിൽ പൊലീസ് ആദ്യം പരാതി നൽകിയ തന്നെത്തന്നെ പ്രതിയാക്കിയെന്ന് കുറ്റപ്പെടുത്തുന്നു. യൂത്ത് ലീഗ് നിടുബ്രമണ്ണ എന്ന പേരിൽ വ്യാജ പോസ്റ്റ്‌ ആണ് നിർമിച്ചതെന്നും അമ്പാടിമുക്ക് സഖാക്കൾ എന്ന ഐഡിയിലാണ് ഈ സന്ദേശം താൻ ആദ്യമായി കണ്ടതെന്നും കാസിം ഹര്‍ജിയിൽ പറയുന്നു. സംഭവത്തിൽ താൻ നൽകിയ ആദ്യ പരാതിയിൽ അന്വേഷണം നിലച്ചിരിക്കുകയാണെന്നും സത്യം പുറത്ത് വരാൻ ഉചിതമായ അന്വേഷണം വേണമെന്നും കാസിം ആവശ്യപ്പെടുന്നു. ഹര്‍ജി നാളെ കോടതി പരിഗണിക്കും.

സംഭവത്തിൽ മുൻ എംഎൽഎ കെ കെ ലതികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വടകര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് ലതികയുടെ മൊഴി രേഖപ്പെടുത്തിയത്. കാഫിർ പ്രയോഗമുള്ള വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് ലതിക ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കെകെ ലതികയുടെ വീട്ടിലെത്തിയത്.

വടകരയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ തലേ ദിവസമാണ് വിവാദ വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു സന്ദേശം. പി കെ കാസിമിന്റെ പേരിൽ പ്രചരിച്ച സന്ദേശം തന്റെ പേരിൽ വ്യാജ ഐഡി സൃഷ്ടി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പികെ കാസിം പൊലീസിന് പരാതി നൽകിയത്. വ്യാജ സന്ദേശമാണെന്നും ഇതിന്റെ സൃഷ്ടാവിനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സമരവും നടത്തിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *