Your Image Description Your Image Description

മലമ്പുഴ നിയോജകമണ്ഡലത്തിലെ നാല് റേഷന്‍ കടകള്‍ കെ-സ്റ്റോറുകളായി പ്രവര്‍ത്തനം ആരംഭിച്ചു. എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എലപ്പുള്ളി കാക്കത്തോട് 162-ാം നമ്പര്‍ റേഷന്‍ കട, എലപ്പുള്ളി വേങ്ങോടി 81-ാം നമ്പര്‍ റേഷന്‍ കട, പുതുശ്ശേരി ചടയന്‍ കാലായ് 117-ാം നമ്പര്‍ റേഷന്‍ കട, കൊടുമ്പ് ഓലശ്ശേരി 78-ാം നമ്പര്‍ റേഷന്‍ കട എന്നിവയാണ് കെ-സ്റ്റോറുകളായി മാറിയത്. റേഷന്‍ കടകളുടെ മുഖച്ഛായ മാറ്റി സാധാരണക്കാര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിധത്തില്‍ സേവനങ്ങള്‍ കൂടുതല്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാനാണ് ജനോപകാരപ്രദമായ കെ- സ്റ്റോര്‍(കേരളത്തിന്റെ സ്വന്തം സ്റ്റോര്‍) പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

സപ്ലൈകോ ശബരി, മില്‍മ ഉത്പന്നങ്ങള്‍ എന്നിവ സപ്ലൈക്കോ നിരക്കില്‍ കെ-സ്റ്റോറില്‍ ലഭിക്കും. കൂടാതെ അഞ്ച് കിലോഗ്രാം തൂക്കമുള്ള ചോട്ടുഗ്യാസ് കെ-സ്റ്റോറുകളില്‍ ലഭ്യമാണ്. വൈദ്യുതി, വാട്ടര്‍ ബില്‍ തുടങ്ങിയവ അടക്കാനുള്ള സൗകര്യവും കെ-സ്റ്റോറിലുണ്ട്. കെ-സ്റ്റോറുകളിലെ ബാങ്കിങ് സംവിധാനത്തിലൂടെ 10,000 രൂപ വരെ പിന്‍വലിക്കാം. ഇതിലൂടെ ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാര്‍ക്ക് ബാങ്കിങ് സംവിധാനം എളുപ്പത്തിലാക്കുകയാണ് ലക്ഷ്യം.

പരിപാടിയില്‍ എലപ്പുള്ളി, പുതുശ്ശേരി, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രേവതി ബാബു, എന്‍. പ്രസീത, ആര്‍. ധനരാജ്, വൈസ് പ്രസിഡന്റുമാരായ എസ്. സുനില്‍കുമാര്‍, കെ. അജീഷ്, എം.കെ ശാന്ത, പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.വി ലത, എലപ്പുള്ളി റേഷനിങ് ഇന്‍സ്‌പെക്ടര്‍ എസ്. രഞ്ജിത്ത്, ജനപ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *