Your Image Description Your Image Description

കോഴിക്കോട്: 2024 ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായി (എസ്.പി.ഒ) ജോലി ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഇനിയും വേതനം ലഭിച്ചില്ലെന്ന് പരാതി. ഏപ്രില്‍ 25നും തിരഞ്ഞെടുപ്പ് നടന്ന 26നുമാണ് ഇവര്‍ ബൂത്തുകളില്‍ ജോലി ചെയ്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തോട് അടുക്കുമ്പോഴും ആര്‍ക്കും വേതനം ലഭിച്ചിട്ടില്ല.

ഫീഡിംഗ് ചാര്‍ജ്ജ് ഇനത്തില്‍ 250 രൂപയും വേതനമായി ഒരു ദിവസത്തേക്ക് 1300 രൂപ നിരക്കില്‍ രണ്ട് ദിവസത്തേക്ക് 2600 രൂപയുമാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഭക്ഷണ ചിലവിലേക്കുള്ള 250 രൂപ മാത്രമാണ് ഇപ്പോള്‍ ഏതാനും പേര്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനുകളില്‍ വിദ്യാര്‍ത്ഥികള്‍ അന്വേഷിക്കുമ്പോള്‍ ഫണ്ട് അനുവദിക്കുന്നതില്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്ന മറുപടിയാണ് ലഭിക്കുന്നത്.

കോഴിക്കോട് സിറ്റി പരിധിയില്‍ മാത്രം 742 പേരെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. ഇതില്‍ പ്ലസ് ടു വിദ്യാര്‍ഥികളുമുണ്ട്. നേരത്തേ സ്വീകരിച്ചിരുന്ന നടപടി ക്രമങ്ങളില്‍ നിന്ന് മാറി ഇത്തവണ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ നിരവധി പേര്‍ക്ക് സ്വന്തമായി അക്കൗണ്ട് ഇല്ലാത്തതും വിലങ്ങുതടിയാകുന്നുണ്ട്. ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം തന്നെ ജനാധിപത്യ പ്രക്രിയയില്‍ നിര്‍ണായക പങ്ക് വഹിച്ച തങ്ങളെ ഇനിയും അവഗണിക്കില്ലെന്ന പ്രതീക്ഷയിലാണ് എസ്.പി.ഒ ആയി ജോലി ചെയ്ത ജില്ലയിലെ വിദ്യാര്‍ഥികള്‍.

Leave a Reply

Your email address will not be published. Required fields are marked *