Your Image Description Your Image Description

ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എൻഎസ്‌യുഐയും എബിവിപിയും രണ്ട് സീറ്റുകൾ വീതം നേടി. പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ‌ എൻഎസ്‌യുഐ വിജയിച്ചപ്പോൾ വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിൽ എബിവിപി വിജയിച്ചു. നേരത്തെ എബിവിപിയായിരുന്നു സർവകലാശാല വിദ്യാർഥി യൂണിയൻ ഭരിച്ചിരുന്നത്. മൂന്ന് ജനറൽ സീറ്റുകളിൽ എബിവിപിയായിരുന്നു വിജയിച്ചിരുന്നത്.

എൻഎസ്‌യുവിന്റെ റൗണക് ഖത്രി വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായും ലോകേഷ് ചൗധരി ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മറുവശത്ത് എബിവിപിയുടെ ഭാനു പ്രതാപ് സിങ് വൈസ് പ്രസിഡന്റായും മിത്രവിന്ദ കരൺവാൾ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കോടതി തിരഞ്ഞെടുപ്പ് ഫലം തടഞ്ഞുവച്ചതിനെ തുടർന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിച്ചാണ് ഡൽഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് ഫലം സ്റ്റേ ഉത്തരവിലൂടെ തടഞ്ഞുവച്ചത്.

കനത്ത സുരക്ഷയിലായിരുന്നു ക്യംപസിലെ വോട്ടെണ്ണൽ. ഫലം വന്നതിന് ശേഷമുള്ള ആഘോഷപരിപാടികൾക്കും ക്യാംപസിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എബിവിപി, എൻഎസ്‌യു, എഐഎസ്എ – എസ്എഫ്ഐ അടങ്ങുന്ന ഇടതുമുന്നണി സഖ്യം എന്നിവർ തമ്മിൽ കടുത്ത പോരാട്ടമാണ് വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *