Your Image Description Your Image Description

ബറേലി: വിവാഹത്തിൽ പങ്കെടുക്കാൻ ​ഗൂ​ഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം. യുപിയിലെ ബറേലിയിലാണ് സംഭവം. ​ പണി പൂർത്തിയാകാത്ത ഫ്ലൈ-ഓവറിലൂടെയാണ് ​ഗൂ​ഗിൾ മാപ്പ് വഴികാണിച്ചത്. നിർമ്മാണത്തിലിരിക്കുന്ന പാലമാണെന്നുള്ള മുന്നറിയിപ്പു ബോർഡ് ഇല്ലാതിരുന്നതും അപകട കാരണമായി. രാത്രിയായിരുന്നതിനാൽ മുന്നിൽ ​ഗർത്തത്തിലേക്കാണ് വാഹനമോടിക്കുന്നതെന്ന് തിരിച്ചറിഞ്ഞില്ല. കുറച്ചുദൂരം പിന്നിട്ടപ്പോൾ ഫ്ലൈ-ഓവർ അവസാനിക്കുകയും കാർ 50 അടി താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു.

​ഗുരു​ഗ്രാമിൽ നിന്ന് ബറേലിയിലേക്ക് യാത്ര ചെയ്ത സംഘമാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. ​ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിക്കുന്നതിനിടെ ഫ്ലൈ-ഓവറിലൂടെ വഴി കാണിക്കുകയും നിർമാണത്തിലിരിക്കുന്ന പാലമാണെന്ന് അറിയാതെ ഇവർ വാഹനമോടിക്കുകയും ചെയ്തു. രാത്രിയായതിനാലും വേഗത്തിൽ സഞ്ചരിച്ചതിനാലും മുമ്പിലുള്ള ​ഗർത്തം ശ്രദ്ധയിൽപ്പെട്ടില്ല. ഇതോടെ കാർ താഴേക്ക് വീഴുകയായിരുന്നു. 50 അടി താഴ്ചയിലേക്കാണ് പതിച്ചത്.

തകർന്നുകിടക്കുന്ന കാർ പിറ്റേന്ന് രാവിലെ പ്രദേശവാസികളാണ് കണ്ടത്. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഫ്ലൈ-ഓവർ നിർമാണത്തിന്റെ ചുമതല വഹിക്കുന്ന കരാറുകാർക്കെതിരെ നടപടിയെടുത്തേക്കും. കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ വെക്കാതിരുന്നതിനാലാണ് അപകടം സംഭവിച്ചതെന്നാണ് മരിച്ചവരുടെ കുടുംബം ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *