Your Image Description Your Image Description

 

തിരുവനന്തപുരം: വെള്ളറട അമ്പൂരിയില്‍ ആറോളം പേർക്ക് നേരെ ആക്രമണം നടത്തിയ സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍. അമ്പൂരി കണ്ണന്നൂര്‍ സ്വദേശികളായ അബിന്‍ റോയ് (19), അഖില്‍ ലാല്‍ (22) എന്നിവരെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാകുമാരി ജില്ലയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഒളിസങ്കേതത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കീഴടക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

അമ്പൂരിയില്‍ ചൊവ്വാഴ്ചയാണ് അബിനും സംഘവും അക്രമ അന്തരീക്ഷം സൃഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ‘രാത്രിയുടെ മറവില്‍ ഇരുവരും വഴിയാത്രക്കാരെയും സമീപത്തെ വീടുകളും ആക്രമിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജയില്‍ മോചിതരായ ഈ സംഘം ഇരുചക്ര വാഹനയാത്രക്കാരെയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ആക്രമണത്തില്‍ ആറു കാണി സ്വദേശിയായ പാസ്റ്റര്‍ അരുള്‍ ദാസിന് വെട്ടേറ്റു.’ ഇയാള്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.

‘അമ്പൂരി കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയായ സരിതയെയും ഭര്‍ത്താവിനെയും ഇവർക്കൊപ്പം ഉണ്ടായിരുന്ന അഭിലാഷ്, ബിജിൽ എന്നിവരെയും സംഘം ആക്രമിച്ചു. ബിജിലിന്റെ ബൈക്കും സരിതയുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണും ഗുണ്ടാ സംഘം കവര്‍ന്നു. ഇത് ചോദ്യം ചെയ്ത ജയകുമാര്‍ എന്നയാളുടെ വീടിന് നേരെയും സംഘം ആക്രമണം നടത്തി.’ ജയകുമാറിന്റെ സ്‌കൂട്ടര്‍ തകര്‍ത്ത് അതില്‍ സൂക്ഷിച്ചിരുന്ന പണവും സംഘം കവര്‍ന്നെന്ന് പൊലീസ് പറഞ്ഞു. വിവരം അറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചെത്തിയപ്പോഴേക്കും ഇരുവരും സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *