Your Image Description Your Image Description

 

മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരാൾ മരണപ്പെട്ടതായും രോഗത്തിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു. ചാലിയാർ പഞ്ചായത്തിലെ 41 വയസ്സുള്ള പുരുഷനാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് വെള്ളിയാഴ്ച രാവിലെ മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു മരണം. മാര്‍ച്ച് 19 ന് ഇദ്ദേഹത്തിന്റെ വീട്ടിലുള്ള ഒമ്പതു വയസ്സുകാരി പെൺകുട്ടിക്ക് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് മെഡിക്കൽ ഓഫീസറും ആരോഗ്യപ്രവർത്തകരും വീട്ടിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചിരുന്നു. ഏപ്രിൽ 22ന് ഈ വ്യക്തിക്ക് ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധ സ്ഥിരീകരിക്കുകയും തുടർന്ന് ഏപ്രില്‍ 26 ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കരളിന്റെ പ്രവർത്തനം മോശമായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കരൾമാറ്റ ശസ്ത്രക്രിയക്ക് തയ്യാറെടുക്കവെഅണുബാധ ഉണ്ടാകുകയും ഇന്നലെ മരിക്കുകയും ചെയ്തു.

മലപ്പുറം ജില്ലയിൽ ഈ വർഷം ജനുവരി മുതൽ 3184 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും 1032 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ സംശാസ്പദമായ അഞ്ച് മരണങ്ങളും സ്ഥിരീകരിച്ച അഞ്ചു മരണങ്ങളും ഉണ്ടായി. മാർച്ച് മാസത്തിൽ ഒരു മരണവും ഏപ്രിൽ മാസത്തിൽ നാലു മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പോത്തുകല്ല് , കുഴിമണ്ണ, ഒമാനൂർ, പൂക്കോട്ടൂർ, മൊറയൂർ, പെരുവള്ളൂർ എന്നീ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *